തോമസ് ഐസ്‌ക് കേരളത്തിന്റെ അന്തകനെന്ന് ചെറിയാന്‍ ഫിലിപ്പ്

തോമസ് ഐസ്‌ക് കേരളത്തിന്റെ അന്തകനെന്ന് ചെറിയാന്‍ ഫിലിപ്പ്. കിഫ്ബി എന്ന ബകനെ തീറ്റിപ്പോറ്റാന്‍ അമിത ചുങ്കം ചുമത്തി യാത്രക്കാരെ കൊള്ളയടിക്കേണ്ട ദുരവസ്ഥ ക്ഷണിച്ചു വരുത്തിയത് മുന്‍ ധനമന്ത്രി തോമസ് ഐസക് ആണെന്നും വികലമായ ധനകാര്യ മാനേജ്‌മെന്റിലൂടെ കേരളത്തെ ഭീമമായ കടക്കെണിയിലാഴ്ത്തി സമ്പദ്ഘടന തകര്‍ത്ത തോമസ് ഐസക്ക് കേരളത്തിന്റെ അന്തകനാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
Also Read; വികസനം വരണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ; ടി പി രാമകൃഷ്ണന്‍
‘അക്കാദമിക് ബുദ്ധിജീവി മാത്രയായ തോമസ് ഐസക്കിന് കേരളത്തിന്റെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി യാതൊരുവിധ പ്രായോഗിക ജ്ഞാനവും ഇല്ലാത്തതുകൊണ്ടാണ് പ്രത്യുല്പാദനപരമല്ലാത്ത പദ്ധതികള്‍ക്കായി കിഫ്ബി പണം ധൂര്‍ത്തടിച്ചത്. കടത്തിനു പുറമെ ഇന്ധന സെസും മോട്ടോര്‍ വാഹന നികുതിയും കിഫ്ബി ഫണ്ടിലേക്ക് മാറ്റിയത് ദുരുദ്ദേശപരമായിരുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
കിഫ്ബിയുടെ പേരില്‍ അമിത പലിശയ്ക്ക് മുപ്പതിനായിരം കോടി രൂപ കടമെടുത്ത സര്‍ക്കാരിന് കടത്തിന്റെ പലിശ പോലും അടയ്ക്കാന്‍ കഴിയാത്തതിനാലാണ് യാത്രക്കാരില്‍ നിന്നും ടോള്‍പിരിവ് നടത്താന്‍ ഇപ്പോള്‍ തീരുമാനിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടോള്‍പിരിവ് എന്ന ആവശ്യം തോമസ് ഐസക് മുന്നോട്ടു വെച്ചെങ്കിലും പൊതുമരാമത്തു മന്ത്രി ജി.സുധാകരന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയാണുണ്ടായത്.
കിഫ്ബി വിദേശത്തുനിന്നും മസാല ബോണ്ട് മുഖേന കടം വാങ്ങിയത് വിദേശ വിനിമയ ചട്ടലംഘനമാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. കിഫ്ബി യോഗത്തില്‍ ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും എതിര്‍ത്തിട്ടും ധനമന്ത്രി തോമസ് ഐസക്കിന്റെ പിടിവാശിയിലാണ് മസാല ബോണ്ട് വാങ്ങിയതെന്ന് യോഗത്തിന്റെ മിനിറ്റ്‌സില്‍ പറയുന്നു.
നിയമസഭ അറിയാതെ ബജറ്റിന് പുറത്ത് കിഫ്ബി കടമെടുത്തതിനെ വിവിധ സി.എ.ജി റിപ്പോര്‍ട്ടുകളില്‍ കുറ്റപ്പെടുത്തിയിരുന്നു. കിഫ്ബിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ മുഖേന നടത്തിയ വികസനപദ്ധതികളും സാമഗ്രി വാങ്ങലും സംബന്ധിച്ച കരാറുകള്‍ ഒന്നും സുതാര്യമല്ല. പല കാര്യത്തിലും വ്യക്തമായ ഓഡിറ്റിംഗ് നടന്നിട്ടില്ലെന്നും’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..