സ്വര്‍ണ വില പറക്കുന്നു; കാരണം ഇതാണ്…

കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണ വില ദിനം പ്രതി പുതിയ റെക്കോര്‍ഡിടുകയാണ്. ഇന്ന് സ്വര്‍ണവില പവന് 760 രൂപ വര്‍ദ്ധിച്ച് 63,240 രൂപയിലെത്തി. ഗ്രാമിന് 95 രൂപ ഉയര്‍ന്ന് 7,905 രൂപയുമായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 2,830 ഡോളര്‍ വരെ ഉയര്‍ന്നതാണ് ഈ വിലക്കയറ്റത്തിന് കാരണമായത്. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണ വിലയിലെ വര്‍ധനവിന് കാരണമായി. ഇതോടെ 24 കാരറ്റ് തങ്കക്കട്ടിയുടെ വില കിലോയ്ക്ക് 85 ലക്ഷം രൂപ കവിഞ്ഞു.
കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വിലക്കുതിപ്പുണ്ടാക്കിയത്. ആഗോള സാമ്പത്തിക മേഖല തീരുവ യുദ്ധം ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വന്‍കിട ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. നിലവില്‍ ആഭരണമായി സ്വര്‍ണം വാങ്ങുന്നതിന് പവന് ജി.എസ്.ടിയും സെസും പണിക്കൂലിയുമടക്കം 68,000 രൂപയ്ക്കടുത്താകും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇതിനിടെ കാനഡ, മെക്‌സിക്കോ എന്നിവയ്ക്കെതിരെയുള്ള നടപടികള്‍ ഇന്നലെ ട്രംപ് മരവിപ്പിച്ചതോടെ രാജ്യാന്തര വിപണിയില്‍ വില 2,800 ഡോളറിലേക്ക് താഴ്ന്നു. ഇത് ഇന്ത്യയിലും വില കുറയാനാണ് സാധ്യത.