പകുതി വില തട്ടിപ്പില്‍ രണ്ട് കോടി കൈപ്പറ്റി: ആനന്ദകുമാറിനെ ഉടനെ ചോദ്യം ചെയ്യും

കൊച്ചി: പകുതി വില തട്ടിപ്പ് കേസില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ആനന്ദകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും. അനന്തു കൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അനന്തു തട്ടിയ പണത്തിന്റെ പങ്ക് ആനന്ദകുമാര്‍ പറ്റിയതായാണ് സംശയം.
കഴിഞ്ഞ ദിവസം തട്ടിപ്പ് വിവരങ്ങള്‍ അനന്തു കൃഷ്ണന്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. പിരിച്ചെടുത്ത തുകയില്‍ നിന്ന് രണ്ട് കോടി രൂപ ആനന്ദകുമാറിന് നല്‍കിയെന്ന നിര്‍ണായക വിവരവും അനന്തു കൃഷ്ണന്‍ പൊലീസിനോട് പങ്കുവെച്ചിരുന്നു. അനന്തു കൃഷ്ണന്റെ ബാങ്ക് രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അനന്തു കൃഷ്ണന്‍ അഞ്ച് സ്ഥലങ്ങളില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പണം കൈപറ്റിയെന്ന് വ്യക്തമായതോടെ ആനന്ദകുമാറിന്റെ പങ്ക് അന്വേഷിക്കുന്നത് വേഗത്തിലാകും. പദ്ധതിയുടെ തുടക്കത്തില്‍ ആനന്ദകുമാറും സഹകരിച്ചെന്നാണ് വിവരം. ഇത്ര വലിയ തട്ടിപ്പ് നടത്തിയത് ആനന്ദകുമാര്‍ സംഘടനയുടെ തലപ്പത്ത് ഉള്ളതുകൊണ്ടെന്നും കണ്ടെത്തലുണ്ട്.