നേതാക്കള്‍ പണത്തിനു പിന്നാലെ പോകുന്ന പ്രവണത വര്‍ധിക്കുന്നു; തൃശൂരിലെ നേതാക്കളെ വിമര്‍ശിച്ച് സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

തൃശൂര്‍: ബിജെപിയുടെ വോട്ട് വര്‍ധന അതീവ ഗൗരവത്തോടെ കാണണമെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്. എല്‍ഡിഎഫ് വോട്ടുകള്‍ ചോര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂര്‍ ജില്ലയിലെ നേതാക്കള്‍ പണത്തിനു പിന്നാലെ പോകുന്നുവെന്നും റിപ്പോര്‍ട്ടില്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. പണത്തിനു പിന്നാലെ പോകുന്ന പ്രവണത തൃശ്ശൂര്‍ ജില്ലയില്‍ നേതാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ മോശം പ്രവണതകള്‍ കടന്നുകൂടിയെന്നും വിമര്‍ശനമുണ്ടായി. ഇതിന് തടയിടേണ്ടതുണ്ടെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്എഫ്‌ഐക്കെതിരെയും ഡിവൈഎഫ്‌ഐക്കെതിരെയും സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നു. ഡിവൈഎഫ്‌ഐ ജില്ലയില്‍ നിര്‍ജീവമാണെന്നും താഴെത്തട്ടില്‍ സംഘടനയില്ലാത്ത സാഹചര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിറ്റ് കമ്മറ്റികള്‍ പോലും പ്രവര്‍ത്തിക്കുന്നില്ല. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനവും താഴെത്തട്ടില്‍ നിശ്ചലം എന്ന് സംഘടനാ റിപ്പോര്‍ട്ടിലുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
യുഡിഎഫിന്റെ വോട്ടുകള്‍ വന്‍തോതില്‍ ചോര്‍ന്നു. ഒപ്പം എല്‍ഡിഎഫിന്റെ അടക്കം വോട്ട് ചോര്‍ച്ച ഉണ്ടായതാണ് ബിജെപിക്ക് ജയിക്കാന്‍ സാഹചര്യം ഒരുക്കിയതെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. സുനില്‍കുമാറിന്റെ വ്യക്തിപ്രഭാവത്തില്‍ ലഭിച്ച വോട്ടുകളാണ് നേട്ടമായതെന്നും ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് അവതരിപ്പിച്ച സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.