പാതിവില തട്ടിപ്പ് കേസില്‍ പ്രാഥമിക വിവര ശേഖരണം തുടങ്ങി ക്രൈംബ്രാഞ്ച്
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ പ്രാഥമിക വിവര ശേഖരണം തുടങ്ങി ക്രൈംബ്രാഞ്ച്. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ജില്ലകളിലെ പരാതികള്‍ അന്വേഷിക്കുന്നത്. ഓരോ ജില്ലകളില്‍ നിന്നും വന്ന പരാതികള്‍ പരിശോധിച്ച ശേഷം മൊഴിയെടുക്കേണ്ടവരുടെ വിശദമായ പട്ടിക തയാറാക്കും. തുടര്‍ന്നാകും അന്വേഷണത്തിലേക്ക് കടക്കുക. മുഖ്യപ്രതി അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയും അന്വേഷണ സംഘം തുടങ്ങി. പ്രാഥമിക പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്കായിരിക്കും റിമാന്‍ഡിലുള്ള അനന്തുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പണം വാങ്ങിയ ജനപ്രതിനിധികളുടെ അടക്കം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. പണം വാങ്ങാനിടയായ സാഹചര്യം ഇവര്‍ പോലീസിന് മുന്നില്‍ വ്യക്തമാക്കേണ്ടിവരും. തട്ടിപ്പ് പണത്തിറെ പങ്ക് പറ്റിയിട്ടുണ്ടെങ്കില്‍ ഇവരെ പ്രതിയാക്കുമോ എന്നാണ് അറിയേണ്ടത്. പണം നഷ്ടമായവരുടെ മൊഴി എടുക്കുകയാണ് അടുത്ത വലിയ വെല്ലുവിളി. ഇതുകൂടാതെ പകുതി വിലയില്‍ സ്‌കൂട്ടറും, ലാപ്‌ടോപ്പും, രാസവളവും, തയ്യല്‍ മെഷീനും വാങ്ങിയവരുടെ മൊഴിയുമെടുക്കണം. 65,000 പേര്‍ക്ക് സാധനങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നും പോലീസിന്റെ നിഗമനം.
കൈമാറിയ തൊണ്ടിമുതലുകള്‍ കസ്റ്റഡിയില്‍ വാങ്ങി സൂക്ഷിക്കുക പ്രായോഗികമല്ലാത്തിനാല്‍ രേഖപ്പെടുത്തി കൈമാറും. കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നവരെ കൈമാറ്റമോ വില്‍പ്പനയോ പാടില്ലെന്ന വ്യവസ്ഥയിലാകും ഗുണഭോക്താക്കള്‍ക്ക് സാധനങ്ങള്‍ മടക്കി നല്‍കുക. അങ്ങനെ വിപുലമായ പദ്ധതി തയ്യാറാക്കി അന്വേഷണം നടത്തിയാലും ഓരോ കുറ്റപത്രവും തയ്യാറാക്കാന്‍ സമയമെടുക്കുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ അനന്തു കൃഷ്ണനെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഓരോ ജില്ലകളിലുമായി നൂറുകണക്കിന് പ്രതികളുണ്ട്. ഓരോരുത്തരുടെയും പങ്ക് പരിശോധിച്ച് അറസ്റ്റിലേക്ക് കടക്കുകയാണ് അടുത്ത വെല്ലുവിളി.





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































