അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആന അവശനിലയില്‍; ആനയെ പിടികൂടി കൂട്ടിലെത്തിച്ച് പരിശോധന നടത്തും

മലയാറ്റൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആന അവശനിലയില്‍. ആരോഗ്യ നില മോശമായി ഭക്ഷണം എടുക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് ആനയെന്നാണ് വിലയിരുത്തല്‍. ആനയെ കൂട്ടിലാക്കി പരിശോധന നടത്തേണ്ടതില്ല എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആനയുടെ അവസ്ഥ വിലയിരുത്തി തീരുമാനം മാറ്റുകയായിരുന്നു. ആനയെ ഇന്ന് തന്നെ പിടി കൂടി കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി.
രണ്ടുവര്‍ഷം മുന്‍പ് അരികൊമ്പനായി തയ്യാറാക്കിയ കൂട് തന്നെ അതിരപ്പിള്ളിയില്‍ നിന്നെത്തുന്ന കൊമ്പനും മതിയാകുമെന്ന കണക്കുകൂട്ടലിലാണ് വനം വകുപ്പ്. കൂട് വിദഗ്ധസംഘം പരിശോധിച്ച് വരികയാണ്. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മസ്തകത്തില്‍ പരിക്കേറ്റ നിലയിലുള്ള ആനയെ കഴിഞ്ഞ മാസമാണ് വനത്തിനുള്ളില്‍ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പറ്റിയതാകാം ഈ മുറിവ് എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ച് വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഡോ അരുണ്‍ സക്കറിയയും സംഘവും എത്തി മയക്കുവെടി വെച്ച് പരിശോധന നടത്തുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആനയുടെ അവസ്ഥ വീണ്ടും മോശമാകുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആനയെ അസ്വസ്ഥനായി അതിരപ്പിള്ളിയിലെ എണ്ണപ്പന തോട്ടത്തിലും റോഡിലുമായി കണ്ടെത്തിയത്. പിന്നാലെയാണ് ആനയുടെ അവസ്ഥ വിലയിരുത്തി വീണ്ടും ചികിത്സ നടത്താന്‍ തീരുമാനമാകുന്നത്.