February 19, 2025
#news #Top Four

ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശം; കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി. യുട്യൂബ് ചാനലിലെ വിവാദമായ അഭിമുഖത്തില്‍ രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

Also Read; വയനാട് ഉരുള്‍ പൊട്ടല്‍; കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം

ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായിരുന്നു. വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും മാപ്പ് പറയാനോ തിരുത്താനോ സത്യഭാമ തയ്യാറായിരുന്നില്ല. ഇതോടെയാണ് രാമകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കുന്നത്. താന്‍ ഉദ്ദേശിച്ചത് രാമകൃഷ്ണനെ അല്ലെന്ന സത്യഭാമയുടെ വാദം തെറ്റെന്ന് തെളിയിക്കുകയായിരുന്നു പോലീസിന് മുന്നിലെ ആദ്യ വെല്ലുവിളി. അഭിമുഖത്തില്‍ സത്യഭാമ നല്‍കുന്ന സൂചനകള്‍ വിശദമായി അന്വേഷിച്ച്, ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികൂടി ശേഖരിച്ചാണ് അത് രാമകൃഷ്ണനെതിരെ തന്നെ നടത്തിയ പരാമര്‍ശമാണെന്ന് പോലീസ് ഉറപ്പിച്ചത്.

ചാലക്കുടിക്കാരന്‍ നര്‍ത്തകന് കാക്കയുടെ നിറമെന്നായിരുന്നു പരാമര്‍ശം. ചാലക്കുടിയില്‍ രാമകൃഷ്ണന്‍ അല്ലാതെ ഇതേ തരത്തിലുള്ള മറ്റൊരു കലാകാരനില്ല. പഠിച്ചതൊന്നും പഠിപ്പിക്കുന്നത് മറ്റൊന്നും എന്നായിരുന്നു അടുത്ത പരാമര്‍ശം. തൃപ്പൂണിത്തുറ ആര്‍എല്‍വിയില്‍ രാമകൃഷ്ണന്‍ പഠിച്ചത് എംഎ ഭരതനാട്യം. പക്ഷെ മോഹിനിയാട്ടം പഠിപ്പിക്കുന്നുണ്ടായിരുന്നു. സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കെ കെപിഎസി ലളിതയുമായി കലഹിച്ച കലാകാരന്‍ എന്നായിരുന്നു അടുത്ത പരാമര്‍ശം. അമ്മയുമായി കലഹിച്ചത് രാമകൃഷ്ണനാണെന്ന് കെപിഎസി ലളിതയുടെ മകന്‍ സിദ്ധാര്‍ഥ് മൊഴി നല്‍കി. രാമകൃഷ്ണനോട് സത്യഭാമക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

രാമകൃഷ്ണനോടുള്ള വ്യക്തി വിരോധത്തെ കുറിച്ച് സത്യാഭാമയുടെ ശിക്ഷ്യര്‍ നല്‍കിയ മൊഴികളും കേസില്‍ നിര്‍ണായകമായി. രാമകൃഷ്ണന്റെ ജാതിയെകുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന സത്യഭാമയുടെ വാദവും കള്ളമെന്ന് തെളിഞ്ഞു. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലിന്റെ ഹാര്‍ഡ് ഡിസ്‌കും അഭിമുഖം അടങ്ങിയ പെന്‍ഡ്രവും കന്റോണ്‍ന്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കലാമണ്ഡലത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി രാമകൃഷ്ണന് ചുമതലയേറ്റതിന് തൊട്ടു പിന്നാലെയാണ് കുറ്റപത്രം കോടതിയിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കുറ്റം തെളിഞ്ഞാല്‍ സത്യഭാമക്ക് പരമാവധി 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

Leave a comment

Your email address will not be published. Required fields are marked *