ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 18 വര്‍ഷത്തിന് ശേഷം പിടിയില്‍; മറ്റൊരു പേരില്‍ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു

കോഴിക്കോട്: ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ മോഷണ കേസിലെ പ്രതി 18 വര്‍ഷത്തിനു ശേഷം പിടിയില്‍. കോഴിക്കോട് കക്കയം സ്വദേശി മമ്പാട് വീട്ടില്‍ സക്കീറിനെ (39) ആണ് ഡി സി പി അരുണ്‍ കെ പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡ് പിടികൂടിയത്. 2006ല്‍ കക്കോടിയിലെ അനുരൂപ് ഹോട്ടല്‍ പൊളിച്ചു മോഷണം നടത്തിയതിന് സക്കീറിനെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍, ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയില്‍ ഹാജരാവാതെ മുങ്ങുകയായിരുന്നു.
2008ല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പിന്നീട് പോലീസ് അന്വേഷിച്ചെങ്കിലും സക്കീര്‍ നാട്ടുകാരുമായോ, വീട്ടുകാരുമായോ ബന്ധപ്പെടാത്തതിനാല്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇയാള്‍ നിലമ്പൂരില്‍ മറ്റൊരു പേരില്‍ വിവാഹം കഴിച്ച് താമസിച്ച് വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..