പ്രധാനപ്പെട്ട നടീ നടന്മാര്‍ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ച് പണം നല്‍കണം; അതില്‍ തര്‍ക്കിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: പ്രധാനപ്പെട്ട നടീ നടന്മാര്‍ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ചുള്ള പണം നല്‍കണം, അതില്‍ തര്‍ക്കിച്ചിട്ട് കാര്യമില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മത്സരമുള്ള മേഖലയാണ് സിനിമ. അതിനാല്‍ മത്സരിച്ച് തന്നെ നല്ല സിനിമകള്‍ ഇറങ്ങട്ടെയെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സിനിമാ നിര്‍മ്മാതാക്കള്‍ക്കിടയിലെ പോര് മുറുകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
Also Read; ചാലക്കുടിയിലെ ബാങ്ക് കൊള്ള; പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
‘പ്രമുഖ സിനിമാ നടീനടന്മാര്‍ പ്രതിഫലം കൂടുതല്‍ വാങ്ങുകയാണെന്ന അര്‍ത്ഥത്തില്‍ സംസാരിച്ചതാണ് സിനിമാ നിര്‍മ്മാതാക്കളെ ചൊടിപ്പിച്ചത്. അതല്ല വിഷയം. പ്രധാനപ്പെട്ട നടീ നടന്മാര്‍ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അതിനൊരു മൂല്യമുണ്ട്. ആ പണം അവര്‍ക്ക് കൊടുക്കേണ്ടി വരും. അതില്‍ തര്‍ക്കിച്ചിട്ട് കാര്യമില്ല. അവരുടെ സിനിമകളും പലതും പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ അവര്‍ക്കൊരു മൂല്യമുണ്ട്. അത് അനുസരിച്ച് അവര്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അവര്‍ക്ക് അതിനനുസരിച്ച് പണം നല്‍കേണ്ടതായി വരും. അതാണ് സിനിമ പരാജയപ്പെടാന്‍ കാരണമെന്ന് പറഞ്ഞാല്‍ പറ്റുമോ?
സാമ്പത്തികച്ചെലവ് കുറച്ച് നല്ല സിനിമയെടുത്താല്‍ സിനിമ പരാജയപ്പെടില്ല. ഒടിടി ഉണ്ടെങ്കിലും നേരിട്ട് സിനിമ കാണാന്‍ ആളുകള്‍ തിയേറ്ററുകളില്‍ എത്തുന്നില്ലേ? നല്ല അര്‍ത്ഥവത്തായ സിനിമകള്‍ വരട്ടെ. അതിനുവേണ്ട സഹായങ്ങള്‍ നമ്മള്‍ ചെയ്തുകൊടുക്കും. അവര്‍ തമ്മിലെ തര്‍ക്കം അവര്‍ തന്നെ പറഞ്ഞുതീര്‍ക്കണം. ആരാണോ പ്രശ്നം സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയത് അവരുമായി ചര്‍ച്ച നടത്തും. ബാക്കി അവര്‍ തമ്മിലെ വിഷയങ്ങള്‍ തീരും. ഇതൊക്കെ സിനിമയില്‍ ഉള്ള കാര്യങ്ങളാണ്. വായ് മൂടികെട്ടാനൊന്നും പറ്റില്ല. ചര്‍ച്ചകള്‍ നടക്കണം. സിനിമാ- സീരിയല്‍ രംഗത്ത് സര്‍ക്കാരിന്റെ ഇടപെടല്‍ വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ചര്‍ച്ചകള്‍ നടക്കട്ടെ. കോണ്‍ക്ലേവില്‍ ഈ വിഷയങ്ങള്‍ എല്ലാം ചര്‍ച്ചയാവും, പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യും’ എന്നാണ് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..