സ്മാര്‍ട് ഫോണ്‍ വാങ്ങിയതോടെ ദിവസവും തര്‍ക്കം; ഭാര്യയെ വെട്ടിയതിന് പിന്നില്‍ സംശയം

തൃശൂര്‍: മാള അഷ്ടമിച്ചിറ സ്വദേശിനി വി വി ശ്രീഷ്മയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന് കാരണം സ്മാര്‍ട് ഫോണ്‍ വാങ്ങിയതിലെ ദേഷ്യം. ജനുവരി 29നായിരുന്നു മക്കളുടെ കണ്‍മുന്നിലിട്ട് ശ്രീഷ്മയെ ഭര്‍ത്തവ് വാസന്‍ വെട്ടിയത്. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ശ്രീഷ്മയുടെ മരണം.
സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയായിരുന്നു ശ്രീഷ്മ. വാസന്‍ പണിക്ക് പോകാതെ വീട്ടിലിരിക്കുകയായിരുന്നു പതിവ്. ശ്രീഷ്മ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയതോടെ വാസന് സംശയമായി. സ്മാര്‍ട് ഫോണിനെ ചൊല്ലി തര്‍ക്കവും പതിവായി. സംഭവ ദിവസവും സ്മാര്‍ട്ഫോണിനെ ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായി. ഇതിനിടെ അടുക്കളയില്‍ നിന്ന് വെട്ടുകത്തിയെടുത്ത് വാസന്‍ ശ്രീഷ്മയെ ആക്രമിക്കുകയായിരുന്നു.
അമ്മ രക്തത്തില്‍ മുങ്ങുന്നതുകണ്ട് ഭയന്ന കുട്ടികള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടി സമീപത്തെ റേഷന്‍ കടയില്‍ എത്തി. നാട്ടുകാര്‍ എത്തിയാണ് ശ്രീഷ്മയെ ആശുപത്രിയില്‍ എത്തിച്ചത്. ശ്രീഷ്മയ്ക്ക് കൈക്കും കാലിനും അടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. വാസന്‍-ശ്രീഷ്മ ദമ്പതികള്‍ക്ക് നാല് മക്കളാണുള്ളത്. സംഭവ ശേഷം സ്ഥലത്ത് നിന്ന് മുങ്ങിയ വാസനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ റിമാന്‍ഡിലാണ്.