അതിരപ്പിള്ളി ആന ദൗത്യം പൂര്‍ണം; മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ ചികിത്സക്കായി കൊണ്ടുപോയി

തൃശൂര്‍: മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്‍കുന്നതിനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായി. മയക്കുവെടിയേറ്റത്തിനുശേഷം നിലത്തുവീണ ആന പ്രാഥമിക ചികിത്സക്കുശേഷം എഴുന്നേറ്റു. കുങ്കിയാനകളുടെ സഹായത്തോടെയാണ് ആന എഴുന്നേറ്റുനിന്നത്. തുടര്‍ന്ന് ആനയെ കുങ്കിയാനകളുടെ സഹായത്തോടെ അനിമല്‍ ആംബുലന്‍സിലേക്ക് കയറ്റിയശേഷം കോടനാട്ടിലേക്ക് കൊണ്ടുപോയി. കോടനാട്ടിലെത്തിച്ചശേഷം തുടര്‍ പരിശോധന നടത്തും.
Also Read; വീണ്ടും കാട്ടാന ആക്രമണം; തൃശൂരില്‍ വനത്തിനുള്ളില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
മയക്കുവെടിയേറ്റ് നിലത്തുവീണ സമയത്ത് ആനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. ആനയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ നല്‍കി. മസ്തകത്തിലെ മുറിവില്‍ ഡോക്ടര്‍മാര്‍ മരുന്നുവെച്ചു. അതേസമയം, അതിരപ്പള്ളിയില്‍ നിന്ന് പിടിച്ച കൊമ്പനെ പാര്‍പ്പിക്കാനുള്ള കൂട് എറണാകുളം കപ്രിക്കാട്ടെ വനം വകുപ്പ് കേന്ദ്രത്തില്‍ ഒരുങ്ങിയിട്ടുണ്ട്. പുതിയ കൂടിന്റെ ബല പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്.
രാവിലെ 7.15 ഓടെയാണ് അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളില്‍ ആന നിലത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്ക ഉയര്‍ത്തിയിരുന്നെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എഴുന്നേല്‍പ്പിക്കാനായി. ആന എഴുന്നേറ്റ ഉടനെ തന്നെ അനിമല്‍ ആംബുലന്‍സിലേക്ക് കയറ്റാനുള്ള നിര്‍ണായക ദൗത്യം പൂര്‍ത്തിയാക്കാനായി. കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം എന്നീ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ അനിമല്‍ ആംബുലന്‍സില്‍ കയറ്റിയത്. ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..