February 22, 2025
#news #Top Four

മസ്തകത്തില്‍ പരിക്കേറ്റ കൊമ്പന്റെ തലച്ചോറില്‍ അണുബാധ ഏറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: കോടനാട് ആനക്കൂട്ടില്‍ ചികിത്സയിലിരിക്കെ ചെരിഞ്ഞ കാട്ടുകൊമ്പന്റെ തലച്ചോറില്‍ അണുബാധ ഏറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊമ്പന്റെ മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. മറ്റ് ആന്തരിക അവയവങ്ങള്‍ക്ക് അണുബാധ ഇല്ലെന്നാണ് കണ്ടെത്തല്‍. ആനയുടെ മരണകാരണം ഹൃദയാഘാതം തന്നെയാണെന്നും മസ്തകത്തിലേത് കൊമ്പ് കുത്തിയതിനെ തുടര്‍ന്നുണ്ടായ മുറിവാണെന്നുമാണ് നിഗമനം.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതിരപ്പിള്ളിയില്‍ നിന്നും മസ്തകത്തിന് ഗുരുതരമായി പരിക്കേറ്റ് കോടനാട് അഭയാരണ്യത്തില്‍ ചികിത്സക്കായി എത്തിച്ച കൊമ്പന്‍ ഇന്നലെ ഉച്ചയോടെയാണ് ചെരിഞ്ഞത്. മുറിവില്‍ നിന്നും അണുബാധ തുമ്പികൈയ്യിലേക്കും പടര്‍ന്നിരുന്നു. ചികിത്സക്കിടെ ഉണ്ടായ ഹൃദയഘാതം മരണത്തിലേക്ക് നയിച്ചെന്നാണ് നിഗമനം. കൂടിനകത്ത് ശാന്തനായി നിലയുറപ്പിച്ച കൊമ്പന്‍ ചികിത്സയോട് മികച്ച രീതിയില്‍ പ്രതികരിച്ചിരുന്നു. പുല്ലും പഴവുമടക്കം ആഹാരവും കൃത്യമായിരുന്നു. എന്നാല്‍ കോടനാട്ടെ രണ്ടാം ദിനം അവശത കൂടി. പിന്നാലെ ചെരിഞ്ഞു. തൃശൂരില്‍ നിന്നെത്തിയ വെറ്റിനെറി ഡോക്ടര്‍മാരടങ്ങിയ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. വാഴച്ചാല്‍ ഡി എഫ് ഒ ആര്‍ ലക്ഷ്മി, ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയ, കാലടി ആര്‍എഫ്ഒ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആനയുടെ ജഡം ആനയെ പാര്‍പ്പിച്ചിരുന്ന കൂടിന് സമീപം സംസ്‌കരിച്ചു.

ജനുവരി ആദ്യവാരമാണ് മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കാടുകളില്‍ കണ്ടത്. ജനുവരി 24ന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടിവച്ച് ചികിത്സ നല്‍കിയെങ്കിലും മുറിവ് ഉണങ്ങിയില്ല. വീണ്ടും ആന അവശനിലയിലായതോടെയാണ് പിടികൂടി ചികിത്സിക്കാന്‍ തീരുമാനിച്ചത്. കാട്ടാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാകാം മുറിവേറ്റതെന്നാണ് വനംവകുപ്പിന്റെ നിഗമനം.

Leave a comment

Your email address will not be published. Required fields are marked *