മലപ്പുറത്തുനിന്ന് ഇന്നലെ കാണാതായ കുട്ടികളെ കോഴിക്കോട് മാളില്‍ നിന്ന് കണ്ടെത്തി

കോഴിക്കോട്: മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികളെ കോഴിക്കോട് കണ്ടെത്തി. മലപ്പുറം എടവണ്ണ തൂവക്കാട് നിന്ന് ഇന്നലെ വൈകീട്ട് കാണാതായ 10, 5 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നിന്ന് കണ്ടെത്തിയത്.
കോഴിക്കോട് പൊറ്റമ്മലില്‍ കുട്ടികള്‍ ബസ് ഇറങ്ങുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹൈലൈറ്റ് മാളില്‍ ഇവരെ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് സഹോദരങ്ങളുടെ മക്കളായ ഇരുവരും വീട്ടില്‍നിന്ന് ഇറങ്ങിയത്. സമീപത്തുള്ള സ്ഥലത്ത് കളിക്കുകയാണെന്നാണ് രക്ഷിതാക്കള്‍ കരുതിയത്. എന്നാല്‍, ഏറെ വൈകിയിട്ടും കുട്ടികള്‍ വരാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. എടവണ്ണ പോലീസില്‍ പരാതി നല്‍കുകയും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തു. കോഴിക്കോട് ഭാഗത്തേക്ക് ബസ് കയറിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊറ്റമ്മലില്‍ ഇറങ്ങിയതും മാളില്‍ പോയതും കണ്ടെത്തിയത്.
ഇന്നലെ രാത്രി മാളിലും പരിസരത്തുമായി കഴിഞ്ഞ് കൂടിയ കുട്ടികളെ ഇന്ന് 12 മണിയോടെയാണ് കണ്ടെത്തിയത്. മുമ്പ് കുടുംബത്തോടൊപ്പം കുട്ടികള്‍ മാളില്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..