#Crime #Top Four

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ പോലീസ്. ഇതിനായി ആശുപത്രിയില്‍ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയില്‍ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂട്ടക്കൊല ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കൂ എന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ് ഗോകുലം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന അഫാന്റെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഉമ്മയുടെ മൊഴിയെടുത്ത് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ്
പോലീസ് ശ്രമിക്കുന്നത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം കൂട്ടക്കൊലയക്ക് പിന്നിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. ആറുപേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് വെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് ഇന്നലെ കയറിച്ചെന്ന അഫാനെ ചുറ്റിപ്പറ്റി ഇപ്പോഴും ഒരുപാട് സംശയങ്ങള്‍ ബാക്കിയാണ്. ഗള്‍ഫിലുള്ള ബാപ്പയുടെ കടം തീര്‍ക്കാന്‍ പണം തരാത്തതിന്റെ പ്രതികാരമായാണ് ബന്ധുക്കളെ കൊന്നതെന്നായിരുന്നു അഫാന്‍ നേരത്തെ നല്‍കിയ മൊഴി. ഈ മൊഴിക്കപ്പുറം രണ്ടാം ദിവസം അന്വേഷണം അഫാന്റെ ഇടപാടുകളെ ചുറ്റിപ്പറ്റിയാണ്. കോളേജ് പഠനം പൂര്‍ത്തിയാക്കാത്ത അഫാന് ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നാണ് ഇതുവരെയുള്ള വിവരം. നിത്യചെലവിന് പോലും മറ്റ് പലരെയും ആശ്രയിക്കുന്നു. ബന്ധുക്കളോടെല്ലാം ആവശ്യപ്പെട്ട പണം എന്തിന് വേണ്ടിയാണെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസുള്ളത്.

അഫാന്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് ഉറപ്പിക്കേണ്ടതും കേസില്‍ നിര്‍ണ്ണായകമാണ്. ചുറ്റികയുമായി ഓടിനടന്ന് ഏറ്റവും പ്രിയപ്പെട്ടവരെ അതിക്രൂരമായി കൊല്ലുന്ന മാനസികനിലയിലേക്ക് അഫാന്‍ എങ്ങനെ എത്തിയെന്നാണ് അറിയേണ്ടത്. അഫാന്റെ രക്തപരിശോധനാഫലമാണ് പ്രധാനം. കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ പോയത് പരിചയമുള്ള ശ്രീജിത്തിന്റെ ഓട്ടോയിലാണ്. അഫാന് ഒരു കൂസലുമുണ്ടായിരുന്നില്ലെന്ന് ശ്രീജിത്ത് പറയുന്നു. കൊലപാതകത്തിന്റെ കാരണമടക്കം എല്ലാമറിയുന്നത് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ്മക്ക് മാത്രമാണ്. പക്ഷെ ചികിത്സയിലായതിനാല്‍ ഉമ്മയുടെ മൊഴിയെടുക്കാനായിട്ടില്ല. ഇനി കാര്യങ്ങള്‍ പറയേണ്ട ഏക വ്യക്തി അഫാനാണ്. ആശുപത്രിയിലെ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം കസ്റ്റഡിയിലെടുത്ത് അഫാനെ ചോദ്യം ചെയ്താല്‍ മാത്രമാകും കേരളത്തെ നടുക്കിയ കൂട്ടക്കൊലയിലെ ചുരുളഴിയൂ.

Leave a comment

Your email address will not be published. Required fields are marked *