ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക കൊല്ലപ്പെട്ടു; മൃതദേഹം ട്രോളി ബാഗില്‍

ചണ്ഡീഗഡ്: ഹരിയാനയില്‍ 23കാരിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കൊന്ന് മൃതദേഹം ട്രോളി ബാഗില്‍ ഉപേക്ഷിച്ച നിലയില്‍. ഹരിയാന സോനെപട്ടിലെ കഥുര ഗ്രാമത്തില്‍ നിന്നുള്ള ഹിമാനി നര്‍വാള്‍ ആണ് മരിച്ചത്. സംസ്ഥാനത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം.
കഴുത്തില്‍ മുറിവുകളുണ്ടെന്ന് പോലീസ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന പ്രാഥമിക നിഗമനം. ഫൊറന്‍സിക് ടീം സ്ഥലത്തെത്തിയ പരിശോധന നടത്തും. മൃതദേഹം ഉപേക്ഷിച്ച സമയം മനസിലാക്കാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് സാംപ്ല എസ് എച്ച് ഒ ബിജേന്ദര്‍ സിങ് പറഞ്ഞു.
മരിച്ച ഹിമാനി നര്‍വാള്‍ റോഹ്തക് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാണ്. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിരുന്നു. ഭൂപീന്ദര്‍ ഹൂഡയുടെയും ദിപീന്ദര്‍ ഹൂഡയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവ സാന്നിധ്യമായിരുന്നു ഹിമാനി.
അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കണമെന്ന് റോഹ്തക് എംഎല്‍എ ഭരത് ഭൂഷണ്‍ ബത്ര ആവശ്യപ്പെട്ടു.