#news #Top Four

ഏഴാം ക്ലാസുകാരിയുടെ സമ്മതമില്ലാതെ വിവാഹം; രക്ഷപ്പെടാന്‍ നോക്കിയ പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എടുത്തുകൊണ്ടുപോകുന്ന വീഡിയോ വൈറല്‍

ബെംഗളൂരു: കര്‍ണാടകയിലെ ഹൊസൂരില്‍ നിര്‍ബന്ധിത ബാലവിവാഹം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയെ വിവാഹം കഴിച്ച വ്യക്തിയുടെ അടുക്കലേക്ക് വീട്ടുകാര്‍ പിടിച്ചുവലിച്ചു കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. തിമ്മത്തൂരില്‍ നിന്നുള്ള 14-കാരിയായ പെണ്‍കുട്ടിയെയാണ് സമീപ ഗ്രാമത്തിലെ യുവാവ് വിവാഹം ചെയ്തത്. മാര്‍ച്ച് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 29 കാരനായ യുവാവുമായി ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ സമ്മതമില്ലാതെ വിവാഹം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ സമ്മതപ്രകാരമായിരുന്നു വിവാഹം. പെണ്‍കുട്ടി എതിര്‍പ്പ് പറഞ്ഞെങ്കിലും ആരും തന്നെ പരിഗണിച്ചില്ല.

Also Read; പി വി അന്‍വറിന്റെ ഗുരുതര ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന എസ് പി സുജിത് ദാസിനെ സര്‍വീസില്‍ തിരിച്ചെടുത്തു

വിവാഹശേഷം സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തിയ പെണ്‍കുട്ടി ഭര്‍തൃവീട്ടിലേക്ക് തിരികെ പോവാനായി വിസമ്മതം അറിയിച്ചു. ഈ വിവാഹ ബന്ധം തുടര്‍ന്നുകൊണ്ടുപോവാന്‍ താത്പര്യമില്ലെന്ന് ബന്ധുക്കളോടും പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയെ മുതിര്‍ന്ന സഹോദരന്‍മാരായ മാദേഷും മല്ലേഷും തോളത്തിട്ട് ഭര്‍തൃവീട്ടിലേക്ക് തിരികെ എത്തിച്ചു. ഇവരെ അനുഗമിച്ച് പെണ്‍കുട്ടിയുടെ അമ്മയും ഉണ്ടായിരുന്നു.

പെണ്‍കുട്ടിയെ സഹോദരന്‍മാര്‍ തൂക്കിയെടുത്ത് കൊണ്ടുപോവുന്നതിന്റെ ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. പിന്നീട് ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പെണ്‍കുട്ടിയുടെ മുത്തശ്ശി നല്‍കിയ പരാതിയില്‍ ദെന്‍കണികോട്ടൈ വനിത പോലീസ് സ്റ്റേഷന്‍ കേസ് അന്വേഷിക്കുകയാണ്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പെണ്‍കുട്ടിയെ സഹോദരന്‍മാരായ മാദേഷ്, മല്ലേഷ്, പെണ്‍കുട്ടിയുടെ അമ്മ നാഗമ്മ, പെണ്‍കുട്ടിയുടെ അച്ഛന്‍, മല്ലേഷിന്റെ ഭാര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്താണ് പെണ്‍കുട്ടി ഇപ്പോഴുള്ളത്.

Leave a comment

Your email address will not be published. Required fields are marked *