താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ പൂനെയിലെത്തിച്ചു; ഇവരെ കെയര്‍ ഹോമിലേക്ക് മാറ്റും

കൊച്ചി: മലപ്പുറം താനൂരില്‍ നിന്ന് കാണാതാവുകയും തിരച്ചിലിനൊടുവില്‍ മുംബൈയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ പൂനെയിലെത്തിച്ചു. താനൂര്‍ പോലീസ് മുംബൈയില്‍ എത്തിയ ശേഷം പെണ്‍കുട്ടികളെ കൈമാറും. താനൂര്‍ സ്റ്റേഷനിലെ എസ്ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികളെ കൊണ്ടുവരുന്നതിനായി പൂനെയിലേക്ക് തിരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇവരെ കെയര്‍ ഹോമിലേക്ക് മാറ്റും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കുട്ടികള്‍ക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. മുംബൈ-ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ മുംബൈയിലെ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനില്‍ വെച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെ പരീക്ഷക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. ഇതിന് പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ജീന്‍സും ടീ ഷര്‍ട്ടുമായിരുന്നു വിദ്യാര്‍ത്ഥിനികളുടെ വേഷം. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് മണിയോടെ വിദ്യാര്‍ത്ഥിനികള്‍ കോഴിക്കോട് എത്തി. ഇതിന് പിന്നാലെ ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി.
മൊബൈല്‍ സ്വിച്ച് ഓഫ് ആകുന്നതിന് മുന്‍പായി ഇരുവരുടേയും ഫോണില്‍ ഒരേ നമ്പറില്‍ നിന്ന് കോള്‍ വന്നതായി പോലീസ് കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയായ റഹീം അസ്ലത്തിന്റെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നായിരുന്നു കോളുകള്‍ വന്നിരിക്കുന്നത്. ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചത്.
ഇതിനിടെ പെണ്‍കുട്ടികള്‍ മുംബൈയിലെ സലൂണില്‍ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹെയര്‍ ട്രീറ്റ്മെന്റിനായി പതിനായിരം രൂപയാണ് പെണ്‍കുട്ടികള്‍ സലൂണില്‍ ചെലവഴിച്ചത്. ഇതിനിടെ പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈയില്‍ എത്തിയ റഹീം അസ്ലം കേരളത്തിലേക്ക് മടങ്ങിയിരുന്നു. റഹീമിനോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കുമെന്നാണ് വിവരം.