താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; തുടരന്വേഷണത്തിന് അന്വേഷണസംഘം മുംബൈയിലേക്ക്

മലപ്പുറം: താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ തുടരന്വേഷണത്തിന് അന്വേഷണ സംഘം വീണ്ടും മുംബൈയിലേക്ക് പോകും. മുംബൈയില്‍ പെണ്‍കുട്ടികള്‍ സന്ദര്‍ശിച്ച ബ്യൂട്ടീപാര്‍ലറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. മുംബയിലെത്തിയ ഉടന്‍ തന്നെ ഇവര്‍ പോയത് ബ്യൂട്ടീപാര്‍ലറിലാണ്. ഇത് ആരുടെയെങ്കിലും നിര്‍ദേശപ്രകാരമാണോ എന്നതിനെക്കുറിച്ച് അന്വേഷിക്കും. മാത്രമല്ല ഇവര്‍ക്ക് എവിടെ നിന്നാണ് ഇത്രയും പണം ലഭിച്ചതെന്നും അന്വേഷിക്കും.
കഴിഞ്ഞ ബുധനാഴ്ചയാണ് താനൂര്‍ ദേവദാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍കുട്ടികളെ കാണാതായത്. സ്‌കൂള്‍ അധികൃതരും ബന്ധുക്കളും പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നുള്ള തെരച്ചിലില്‍ മുംബൈ ലോണോവാലയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.
വീട്ടില്‍ പ്രശ്‌നങ്ങളുണ്ടെന്നും തിരിച്ചുപോകാന്‍ താത്പര്യമില്ലെന്നുമായിരുന്നു പെണ്‍കുട്ടികള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് വീട്ടിലേക്ക് പോകാന്‍ സന്തോഷമാണെന്ന് പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലാണ് പെണ്‍കുട്ടികളെ താമസിപ്പിച്ചിരിക്കുന്നത്. ഇന്നലെ തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കുട്ടികള്‍ കൂടുതല്‍ കാര്യങ്ങളൊന്നും വിട്ടുപറയുന്നില്ല. ഇവര്‍ക്ക് കൗണ്‍സിലിംഗും നല്‍കും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..