#kerala #Politics #Top Four #Top News

സംസ്ഥാന കമ്മിറ്റിയിലെടുക്കാത്തതിന് പ്രതിഷേധിച്ച പത്മകുമാറിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താന്‍ ധാരണ

പത്തനംതിട്ട: സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തില്‍ പരസ്യപ്രതികരണങ്ങള്‍ നടത്തിയ സിപിഐഎം നേതാവ് പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി ജില്ലാ നേതൃത്വം. പത്മകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനാണ് ധാരണ. പത്തനംതിട്ട ജില്ല സെക്രട്ടേറിയേറ്റില്‍ പത്മകുമാറിനെ ഉള്‍പ്പെടുത്തില്ലെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

ചെന്നൈയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമായിരിക്കും നടപടി. പത്മകുമാറിനെതിരെ നടപടി വേണമെന്ന് പത്തനംതിട്ട ജില്ല കമ്മിറ്റി ആവശ്യപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് പത്മകുമാര്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തിരഞ്ഞെടുത്തതിലുള്ള അതൃപ്തി പത്മകുമാര്‍ പ്രകടിപ്പിച്ചിരുന്നു. ഉന്നയിച്ച പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെന്നും സംഘടന പ്രവര്‍ത്തനം നടത്തുന്നവരെ പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളിലേക്ക് പരിഗണിക്കണം എന്നും പത്മകുമാര്‍ ആവര്‍ത്തിച്ചിരുന്നു. പാലമെന്ററി രംഗത്ത് പരിചയം ഉള്ളവരെ മാത്രം പരിഗണിച്ചാല്‍ പോരാ, സംഘടനാ രംഗത്തുള്ളവരെയും കമ്മിറ്റികളിലേയ്ക്ക് പരിഗണിക്കണമെന്ന് പത്മകുമാര്‍ ആവശ്യപ്പെട്ടിരുന്നു.

Leave a comment

Your email address will not be published. Required fields are marked *