തൊടുപുഴയില്‍ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി

തൊടുപുഴ: തൊടുപുഴയില്‍ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. ഗോഡൗണിലെ മാന്‍ഹോളില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭിത്തിയടക്കം തുരന്ന് മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റി.
വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. ഇന്നലെയാണ് ബിജുവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ തൊടുപുഴ പോലീസിനെ സമീപിക്കുന്നത്. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കം മൂന്ന് പേര്‍ കസ്റ്റഡിയിലായി. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കലയന്താനിയിലെ ഗോഡൗണിലെ മാന്‍ഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളുന്ന മാലിന്യ സംസ്‌കരണ കുഴിയിലേക്ക് പോകുന്ന മാന്‍ഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളില്‍ മാലിന്യങ്ങള്‍ തള്ളിയ നിലയിലായിരുന്നു.
Also Read; ഹയര്‍സെക്കണ്ടറി ചോദ്യപേപ്പറുകളില്‍ അക്ഷരത്തെറ്റുകളുടെ കൂമ്പാരം
എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. ബിജുവിന്റെ വീടിന് സമീപത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. പുലര്‍ച്ചെ ശബ്ദം കേട്ടിരുന്നതായി സമീപവാസികളും പോലീസിന് വിവരം നല്‍കി. പോലീസ് നടത്തിയ പരിശോധനയില്‍ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെടുത്തു. തുടര്‍ന്ന് ബിജുവിന്റെ ബന്ധുക്കളുമായി അന്വേഷണം നടത്തി.
കലയന്താനി സ്വദേശിയായ ബിജുവിന്റെ പഴയ ബിസിനസ് പങ്കാളിയുമായി ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചു. എന്നാല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിയിലുള്ളവരില്‍ കൊട്ടേഷന്‍ സംഘത്തിലുള്ളവരുമുണ്ട്. മാന്‍ ഹോളില്‍ മൃതദേഹം ഒളിപ്പിച്ചുവെന്നായിരുന്നു പ്രതികള്‍ പോലീസില്‍ നല്‍കിയ മൊഴി. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. കേസില്‍ ആകെ നാല് പ്രതികളാണുള്ളത്. ഇവരില്‍ മൂന്ന് പേര്‍ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..