ആശമാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎന്‍ടിയുസി നിലപാട് തള്ളി കോണ്‍ഗ്രസ്

തിരുവനന്തപുരം: എസ്.യു.സി.ഐ നേതൃത്വത്തില്‍ നടക്കുന്ന ആശാവര്‍ക്കര്‍മാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎന്‍ടിയുസി നിലപാട് തള്ളി കോണ്‍ഗ്രസ്. ഐഎന്‍ടിയുസിയുടെ നിലപാടില്‍ കാര്യമില്ലെന്നും കോണ്‍ഗ്രസിന്റെ നിലപാടാണ് പ്രധാനമെന്നും യുഡിഎഫ് കണ്‍വീനര്‍ എം എംഹസന്‍ വ്യക്തമാക്കി. ഐഎന്‍ടിയുസി നിലപാട് തിരുത്തണം. ഐഎന്‍ടിയുസി പിന്തുണച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസും കെപിസിസിയും സമരത്തെ പിന്തുണയ്ക്കുമെന്നും അതിനൊപ്പം നില്‍ക്കുകയാണ് ഐഎന്‍ടിയുസി ചെയ്യേണ്ടതെന്നും എം എം ഹസന്‍ ആവശ്യപ്പെട്ടു.
എസ്.യു.സി.ഐ നേതൃത്വത്തില്‍ നടക്കുന്ന ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ഐഎന്‍ടിയുസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഐഎന്‍ടിയുസി മുഖമാസികയായ ‘ഇന്ത്യന്‍ തൊഴിലാളി’യിലെ ലേഖനത്തിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഐഎന്‍ടിയുസി യങ്ങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി നയരൂപീകരണ-ഗവേഷണ വിഭാഗം യൂത്ത് കണ്‍വീനറുമായ അനൂപ് മോഹനാണ് ലേഖനം എഴുതിയിരിക്കുന്നത്. ഓണറേറിയം വര്‍ദ്ധിപ്പിക്കുക അല്ല വേണ്ടത്, ശമ്പളമാണ് വേണ്ടതെന്നാണ് നിലപാടെന്നും ലേഖനത്തില്‍ ഐഎന്‍ടിയുസി വ്യക്തമാക്കിയിരുന്നു. സമരത്തിനെത്തിയ കോണ്‍ഗ്രസ് നേതാക്കളെയും ലേഖനം പരോക്ഷമായി വിമര്‍ശിച്ചിരുന്നു. സമരം ചിലര്‍ക്ക് ഒരു സെല്‍ഫി പോയിന്റാണെന്നും സമര കേരളത്തിന്റെ കപടത ലൈക്കും ഷെയറും റീച്ചും അന്വേഷിച്ച് പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.