നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പോരാട്ടത്തിന് കളമൊരുക്കാന്‍ കോണ്‍ഗ്രസ്, ഏകോപന ചുമതല എ പി അനില്‍കുമാറിന്

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുക്കാന്‍ കോണ്‍ഗ്രസ്. മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനില്‍കുമാറിന് നല്കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഇന്നലെ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് എ പി അനില്‍ കുമാറിന് തിരഞ്ഞെടുപ്പ് ചുമതല നല്കാന് തീരുമാനിച്ചത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും പ്രധാന നേതാക്കള്‍ക്ക് നല്‍കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുക്കും. ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയുടെ നേതൃത്വത്തില്‍ വോട്ടുചേര്‍ക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. യുഡിഎഫ് നേട്ടമുണ്ടാക്കിയ പുതുപ്പള്ളി, പാലക്കാട്, തൃക്കാക്കര ഉപതിരഞ്ഞെടുപ്പുകളിലേതിന് സമാനമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന തീരുമാനത്തിലാണ് കെപിസിസി. വാര്‍ഡ് തലങ്ങളില്‍ കൃത്യമായ ഏകോപനം ഉണ്ടാവണമെന്ന നിര്‍ദേശവും നേതൃത്വം നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ ഒടുവിലോ മെയിലോ തിരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍. ജനുവരി 13 ന് പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞതോടെയാണ് നിലമ്പൂരില്‍ തിരഞ്ഞെടുപ്പിന് വഴിവെച്ചത്. സിപിഐഎം നിലമ്പൂര്‍ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കിയിട്ടുള്ളത് എം സ്വരാജിനാണ്.