ട്രംപിന്റെ താരിഫ് നയം തിരിച്ചടിയായി; ദിനംപ്രതി റെക്കോര്‍ഡിട്ട് സ്വര്‍ണം

തിരുവനന്തപുരം: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധിക താരിഫ് നയത്തിന്റെ സ്വാധീനത്തില്‍ ദിനംപ്രതി റെക്കോര്‍ഡിട്ട് സ്വര്‍ണം. ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണവിലയാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തുന്നത്. ഇന്ന് പവന് 400 രൂപ വര്‍ധിച്ച് 68,480 രൂപയായി. ആഭരണമായി വാങ്ങുന്നതിന് ഇപ്പോഴത്തെ വിലയില്‍ ചരക്ക് സേവന നികുതിയും സെസും പണിക്കൂലിയും ഉള്‍പ്പെടെ പവന്‍ വില 73,000 രൂപയിലധികം വേണമെന്നാണ് കണക്കുകൂട്ടല്‍.
Also Read; ലഹരിക്കെതിരെ നിര്‍മിത ബുദ്ധി; പദ്ധതിയുമായി കെ.യു.ഡബ്ല്യു.ജെ
കേരളത്തില്‍ കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 3000 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പവന്‍ വിലയില്‍ 10,880 രൂപയുടെ വര്‍ധനവും ഉണ്ടായി. ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ പവന്‍ വിലയില്‍ 17,200 രൂപയുടെ വര്‍ധനയാണുണ്ടായത്. വെള്ളിവിലയും ഉയര്‍ന്നു, ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇന്നത്തെ വിപണിവില 110 രൂപയാണ്.
ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വം ശക്തമായതോടെ കേന്ദ്ര ബാങ്കുകളും വന്‍കിട ഫണ്ടുകളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ഇതാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുതിച്ചുയരാന്‍ കാരണമാകുന്നത്. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് ഇറക്കുമതി ചെലവ് കൂട്ടുന്നു, ഡോളറിന് പകരമായി വിദേശ നാണയ ശേഖരത്തില്‍ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം ഉയര്‍ത്തുന്നു എന്നിവയും സ്വര്‍ണവില കൂടുന്നതിനുള്ള മറ്റ് കാരണങ്ങളാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..