#news #Top Four

കേന്ദ്രത്തിനെതിരെ പോര് കടുപ്പിച്ച് സ്റ്റാലിന്‍; സ്വയംഭരണാവകാശം നേടിയെടുക്കാന്‍ സമിതിയെ നിയോഗിച്ചു

ചെന്നൈ: തമിഴ്നാടിന് കൂടുതല്‍ മേഖലകളില്‍ സ്വയംഭരണാവകാശം നേടാനുള്ള നീക്കവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിദ്യാഭ്യാസവും ഭാഷയും ഉള്‍പ്പടെയുള്ള മേഖലയില്‍ സ്വയംഭരണാവകാശം നേടുന്നതുമായി ബന്ധപ്പെട്ട പ്രമേയം അദ്ദേഹം നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതല സമിതിയെ നിയോഗിച്ചു.

Also Read; വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

2026ഓടെ ഇടക്കാല റിപ്പോര്‍ട്ടും രണ്ടുവര്‍ഷത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും കമ്മിറ്റി സമര്‍പ്പിക്കും. 1974ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാനിധിയും സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കേന്ദ്രം കവരുന്നതിനെതിരെ പോരാട്ടം ശക്തമാക്കുമെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പരിധിയില്‍ ഉണ്ടായിരുന്നതും പിന്നീട് കണ്‍കറന്റ് ലിസ്റ്റിലേയ്ക്ക് മാറ്റിയതുമായ വിഷയങ്ങള്‍ തിരികെ സംസ്ഥാന സര്‍ക്കാരിന് കീഴിലേയ്ക്ക് കൊണ്ടുവരുന്നതുള്‍പ്പെടെ പരിശോധിക്കാന്‍ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഖണ്ഡതയെ ബാധിക്കാത്ത വിധത്തില്‍ കമ്മിറ്റി നിയമങ്ങള്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യും.

സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കീഴില്‍ നില്‍ക്കേണ്ടവയല്ല, മറിച്ച് പരസ്പര ബഹുമാനത്തോടെ, ചില തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നും എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ത്രിഭാഷ ഫോര്‍മുല ഉള്‍പ്പെടെ സംസ്ഥാനത്ത് നടപ്പിലാക്കാതിരിക്കാനുള്ള വ്യവസ്ഥകളും മുഖ്യമന്ത്രി സ്റ്റാലിന്‍ തേടുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കുന്നതും പരിശോധിക്കുമെന്നാണ് വിവരം.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *