ലഹരിക്കെതിരെ ബ്രേക്കിങ് ഡി; ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: രാസലഹരി വിപത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവിഷ്‌കരിച്ച ബ്രേക്കിങ് ഡി പദ്ധതിയുടെ ലോഗോ എക്സൈസ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. രാസലഹരികളുടെ ചങ്ങലക്കണ്ണികളെക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ഭയപ്പാടില്ലാതെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധ്യമാകുന്നതാണ് പദ്ധതി.
Also Read; ജമ്മുകശ്മീര്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിവെപ്പ്; ശക്തമായി നേരിട്ടെന്ന് ഇന്ത്യന്‍ സൈന്യം
ക്യു.ആര്‍ കോഡ് വഴി ആര്‍ക്കുവേണമെങ്കിലും പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ ബ്രേക്കിങ് ഡി ആപ്പിലേക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും. സ്റ്റാര്‍ട്ടപ് സംരംഭമായ സൂപ്പര്‍ എ.ഐയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലകളിലെയും പ്രസ്‌ക്ലബ് ആസ്ഥാനങ്ങളിലും കെ.യു.ഡബ്ല്യു.ജെയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ക്യു.ആര്‍ കോഡ് സ്‌കാനര്‍ പ്രചാരണം നടക്കും.
രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ക്യു.ആര്‍ കോഡ് പോസ്റ്റര്‍ പതിപ്പിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഒരു വര്‍ഷം നീളുന്ന കാമ്പയിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പുകളും നടത്തും. കണ്ണൂരില്‍ വോളിലീഗും, കാസര്‍കോട് വടംവലി ചാമ്പ്യന്‍ഷിപ്പും, വയനാട്ടില്‍ ക്രിക്കറ്റ് ലീഗും, കോഴിക്കോട് ഫുട്ബാള്‍ ലീഗും കാമ്പയിനിന്റെ ഭാഗമായി നടക്കും.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
പദ്ധതിയുടെ മെഗാ ലോഞ്ച് ജൂണില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ലോഗോ പ്രകാശന ചടങ്ങില്‍ കെ.യു.ഡബ്ല്യു.ജെ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, സംസ്ഥാന സമിതി അംഗം വിപുല്‍നാഥ്, ഓഫിസ് സെക്രട്ടറി വി.എം രാജു, സൂപ്പര്‍ എ.ഐ സി.ഇ.ഒ അരുണ്‍ പെരൂളി തുടങ്ങിയവര്‍ പങ്കെടുത്തു.