മെഡിക്കല്‍ കോളേജിലെ പുക; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബന്ധുക്കള്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തില്‍ പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി 7.45-ഓടെയാണ് മെഡിക്കല്‍ കോളേജില്‍ പുക ഉയര്‍ന്നത്. തുടര്‍ന്ന് രോഗികളെ സുരക്ഷിതരായി പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ബീച്ച് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും പലരെയും മാറ്റുകയും ചെയ്തു. ഇതില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സാ ചിലവ് ഭാരിച്ചതാണെന്നും അതടയ്ക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ അവരുടെ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
മൈത്ര ആശുപത്രിയില്‍ 10 പേരും ബേബി മെമ്മോറിയാല്‍ ആശുപത്രിയില്‍ 9 പേരും ആസ്റ്ററില്‍ 2 പേരും ആണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. മെഡിക്കല്‍ കോളേജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളെ വെന്റിലേറ്ററിലേക്ക് മാറ്റണമെങ്കില്‍ പണം അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു. ദിവസം 30000 രൂപയെങ്കിലും ആകുമെന്നും അത് അടയ്ക്കാന്‍ തയാറല്ലെങ്കില്‍ ബീച്ച് ആശുപത്രിയിലേക്ക് പോകണമെന്നും പറഞ്ഞതായാണ് പരാതി. അതേസമയം, ആരോടും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ആരോപണം തെറ്റാണെന്നും ആശുപത്രി അധികൃതരും പ്രതികരിച്ചു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































