പരാതി വാങ്ങി മേശപ്പുറത്തിട്ടു; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ദളിത് യുവതി

തിരുവനന്തപുരം: പേരൂര്‍ക്കട പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയ ദളിത് യുവതിയെ അവഹേളിച്ചെന്ന് ആരോപണം. അഭിഭാഷകനൊപ്പം ഓഫീസില്‍ പോയ പനവൂര്‍ ഇരുമരം സ്വദേശിനി ബിന്ദുവിനാണ് (36) മോശം അനുഭവം ഉണ്ടായത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാതി വായിച്ചുനോക്കിയില്ലെന്നും കോടതിയില്‍ പോകാന്‍ പറഞ്ഞതായും യുവതി ഒരു വെളിപ്പെടുത്തി.
ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പോലീസ് തന്നെ 20 മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നാണ് ബിന്ദുവിന്റെ പരാതി. പരാതി വാങ്ങി പി ശശി മേശപ്പുറത്തേക്കിട്ടു, വായിച്ച് പോലും നോക്കിയില്ല, വീട്ടുകാര്‍ പരാതി നല്‍കിയാല്‍ പോലീസ് വിളിപ്പിക്കുമെന്ന് പി ശശി പറഞ്ഞതായി ബിന്ദു കൂട്ടിച്ചേര്‍ത്തു.
മേയ് 13-ാം തീയതി വൈകുന്നേരം മൂന്നുമണിക്കാണ് ബിന്ദുവിനെ പേരൂര്‍ക്കട പോലീസ് മോഷണക്കുറ്റത്തിന്റെ പേരില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവതിയെ പറഞ്ഞുവിട്ടത്. ജോലിക്കുപോയ വീട്ടില്‍ നിന്ന് മാല മോഷണം പോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. മൂന്ന് ദിവസം മുന്‍പാണ് ബിന്ദു അവിടെ ജോലിക്ക് എത്തിയത്.
വീട്ടുടമസ്ഥയുടെ പരാതിയെ തുടര്‍ന്ന് താന്‍ ക്രൂരമായ മാനസിക പീഡനം അനുഭവിച്ചെന്നും ബിന്ദു പറഞ്ഞു. ‘പോലീസിനോട് നിരപരാധിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും വിട്ടയച്ചില്ല. രാത്രിയായിട്ടും പോലീസ് സ്റ്റേഷനിലാണ് എന്ന വിവരം വീട്ടുകാരെ അറിയിക്കാനും സമ്മതിച്ചില്ല. രാത്രി വൈകി പനവൂരിലെ വീട്ടിലെത്തിച്ച് മാലയ്ക്കായി പോലീസ് പരിശോധനയും നടത്തി. തിരിച്ച് വീണ്ടും പേരൂര്‍ക്കട സ്റ്റേഷനിലെത്തിച്ചു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ല. എന്നാല്‍, ആ വീട്ടില്‍ നിന്നുതന്നെ നഷ്ടപ്പെട്ടെന്ന് കരുതിയ മാല കണ്ടെത്തിയിരുന്നു. ഉടമസ്ഥ പിറ്റേന്ന് പോലീസ് സ്റ്റേഷനില്‍ എത്തി മാല കിട്ടിയെന്നറിയിച്ചു. താന്‍ മോഷ്ടിച്ചില്ലെന്ന് മനസിലായിട്ടും പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം നിര്‍ത്തിയതിനുശേഷമാണ് ഫോണ്‍ തിരികെ നല്‍കിയതും വീട്ടിലേക്ക് പോകാന്‍ അനുവദിച്ചതും’ എന്ന് ബിന്ദു പറഞ്ഞു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…