ഒരു പകല്‍കൂടി കാത്തിരിക്കാം, മാന്യമായ തീരുമാനം പ്രതീക്ഷിക്കുന്നു; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീട്ടി അന്‍വര്‍

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ മത്സരിക്കാനുള്ള പ്രഖ്യാപനം നീട്ടി പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പിവി അന്‍വര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, യുഡിഎഫ് തീരുമാനത്തിനായി ഒരു പകല്‍ കൂടി കാത്തിരിക്കുമെന്നും മാന്യമായ തീരുമാനം പ്രതീക്ഷിക്കുകയാണെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. ഇന്ന് രാവിലെ ഒമ്പത് മണിക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം തല്‍ക്കാലത്തേക്ക് നീട്ടിയതായി അന്‍വര്‍ അറിയിച്ചത്.
യുഡിഎഫിലെ ഉന്നത നേതാക്കള്‍ വിളിച്ച് ഒരു പകല്‍ കൂടി വെയിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സമൂഹത്തിലെ പ്രധാനപ്പെട്ട സാമുദായിക നേതാക്കളും യുഡിഎഫിന്റെ ഉത്തരവാദിത്വപെട്ട നേതാക്കളും ചില സാമൂഹിക നേതാക്കളും വിളിച്ചിരുന്നു. പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലീം ലീഗ് നേതാക്കളും കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വപ്പെട്ട നേതാക്കളും ഇപ്പോള്‍ പ്രഖ്യാപനം നടത്തരുതെന്ന് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എന്തിനാണോ ഇപ്പോ വാര്‍ത്താസമ്മേളനം വിളിച്ചത് അക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു.
https://youtu.be/3Q68w6QYbQs
ഇത്രയധികം ആളുകള്‍ കാത്തിരിക്കണമെന്ന് പറയുമ്പോള്‍ അത് മുഖവിലക്കെടുക്കാതിരിക്കാന്‍ കഴിയില്ല. അവര്‍ പറഞ്ഞ കാര്യം മുഖവിലക്കെടുത്തുകൊണ്ട് പറയാന്‍ വിചാരിച്ച കാര്യങ്ങള്‍ തല്‍ക്കാലം മാറ്റിവെക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യോഗം ഇന്ന് രാവിലെ 11ന് ചേരുന്നുണ്ടെന്നും ഇക്കാര്യമൊക്കെ ചര്‍ച്ച ചെയ്യുമെന്നും പിവി അന്‍വര്‍ പറഞ്ഞു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അന്‍വര്‍ വിഷയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യുഡിഎഫ് യോഗവുമുണ്ട്. അതേസമയം, യുഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പിവി അന്‍വര്‍ അയയുന്നുവെന്ന സൂചനയാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലുണ്ടായത്. ആര്യാടന്‍ ഷൗക്കത്തിനെതിരായ പരാമര്‍ശവും അന്‍വര്‍ മയപ്പെടുത്തിയേക്കും. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച തുടരുകയാണ് അന്‍വര്‍. സ്ഥാനാര്‍ഥിക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് രംഗം തണുപ്പിക്കാനും നീക്കമുണ്ട്. സമുദായ നേതാക്കള്‍ വഴിയും മധ്യസ്ഥ ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം.
https://youtu.be/ELhhS-QX7yI