ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. കേസ് ഇനി പരിഗണിക്കുന്നതു വരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ തടഞ്ഞുകൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. കെഎസ്സിഎ ഭാരവാഹികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കെഎസ്സിഎ പ്രസിഡന്റ് എ രഘുറാം ഭട്ട് അടക്കമുള്ളവര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എസ് ആര് കൃഷ്ണകുമാറിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇന്ന് രാവിലെ കെഎസ്സിഎ സെക്രട്ടറിയുടെയും ട്രഷററുടെയും വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.
Also Read; മെസി കേരളത്തിലെത്തും, ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് കായിക മന്ത്രി
കേസ് ഇനി ജൂണ്‍ 16ന് പരിഗണിക്കും. അതേസമയം, ആര്‍സിബി മാര്‍ക്കറ്റിങ് വിഭാഗം മേധാവി നിഖില്‍ സോസലെയുടെ അറസ്റ്റില്‍ തത്കാലം ഇടപെടുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു നിഖില്‍ സോസലെ. സംസ്ഥാന സര്‍ക്കാരിന് പറയാനുള്ളത് കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് കേസ് മാറ്റിവെക്കുകയായിരുന്നു. കേസെടുത്ത ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തെന്ന് നിഖില്‍ കോടതിയെ അറിയിച്ചു. എന്നാല്‍, അത്തരം വാദത്തില്‍ യുക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…