വഴിക്കടവ് അപകടം, മുഖ്യപ്രതി അറസ്റ്റില്‍; കെണിവെച്ചത് പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താന്‍

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷ് കുറ്റം സമ്മതിച്ചു. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതി നേരത്തെയും പന്നികളെ പിടികൂടാന്‍ ഇത്തരത്തില്‍ കെണി ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി വിനീഷ്. ഇത്തരത്തില്‍ കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം. അതേസമയം ഇത്തരത്തില്‍ വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിച്ച് മാംസം കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ക്ക് ആക്ഷേപം ഉണ്ട്.
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. അപകടം ഫെന്‍സിങിന് കറണ്ട് എടുക്കാന്‍ വേണ്ടി സ്ഥാപിച്ച കമ്പിയില്‍ നിന്നെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവര്‍ത്തിയെന്നും എഫ്‌ഐആര്‍ പറയുന്നു. അനന്തു അപകടത്തില്‍പ്പെട്ടത് കാല്‍ വൈദ്യുതി കമ്പിയില്‍ കാല്‍ തട്ടിയതോടെയെന്നാണ് എഫ്‌ഐആറിലുള്ളത്. ഭാരതീയ ന്യായസംഹിത 105 വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അനന്തുവിന്റെ ബന്ധു സുരേഷിന്റെ പരാതിയിലാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനന്തുവിനെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ സുരേഷിനും ഷോക്കേറ്റിരുന്നു. മരിച്ച അനന്തുവിന്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനാണ് സുരേഷ്.
സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഇന്നലെ ഷോക്കേറ്റത്. കെഎസ്ഇബി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷന്‍ കൊടുത്തിരുന്ന അനധികൃത ഫെന്‍സിംഗില്‍ നിന്നാണ് വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…