പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; നിലമ്പൂരില്‍ അവസരം ഉണ്ടായതോ ഉണ്ടാക്കിയതോ എന്ന് സംശയം: എകെ ശശീന്ദ്രന്‍

നിലമ്പൂര്‍: പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം ദാരുണവും വേദനാജനകുമാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ഇത് നിലമ്പൂരിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണുകിട്ടിയ ഒരു അവസരമായി ഉപയോഗപ്പെടുത്തിയതാണോയെന്നും അവസരം ഉണ്ടാക്കിയതാണോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു. അപകടം ആ പ്രദേശത്തുള്ളവര്‍ അറിയുന്നതിന് മുന്‍പ് മലപ്പുറത്ത് പ്രകടനം നടന്നത് എങ്ങനെയാണെന്നും രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
രാവിലെ അവിടെ അത്തരം ഒരു ഫെന്‍സിങ് ഇല്ലായിരുന്നു എന്നാണ് പരിസരവാസികളായ ആളുകള്‍ പറയുന്നത്. വൈകുന്നേരമാണ് അവിടെ ഫെന്‍സിങ് കെട്ടിയത്. ഉടമസ്ഥന് വിഷയം അറിയില്ലെന്നും ഒരാള്‍ പറയുന്നു. അപ്പോള്‍ ആര് എങ്ങനെയാണ് ചെയ്തത്. എന്തായിരുന്നു അവരുടെ ലക്ഷ്യം. അതിനകത്ത് വളരെ വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചന ഉണ്ട്. ഗൂഡാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമഗ്രമായ പരിശോധനയില്‍ ഉള്‍ക്കൊള്ളിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘തിരഞ്ഞെടുപ്പ് കാലമാണല്ലോ അപ്പോ ഇതിന്റെ ഗുണഭോക്താക്കള്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോയെന്നും മന്ത്രി ചോദിച്ചു. ഒരു വിഷയ ദാരിദ്ര്യം നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയും പ്രതിപക്ഷവും അനുഭവിക്കുന്നുണ്ട്. തണുത്തുറഞ്ഞുപോയ പ്രചരണത്തെ കൊഴിപ്പിക്കാനുള്ള സ്റ്റാര്‍ട്ടപ്പ് എന്നുള്ള നിലയില്‍ ഇങ്ങനെ ഒരു സംഭവം ബോധപൂര്‍വ്വം ഉണ്ടാക്കി എടുത്താല്‍ സാധിക്കുമല്ലോ. പാവപ്പെട്ട കര്‍ഷക ജനതയുടെ വികാരങ്ങളെ തട്ടിയുണര്‍ത്തി ആ വികാരം ഗവണ്‍മെന്റിനെതിരായി മാറ്റാന്‍ കഴിയുമല്ലോയെന്ന് ആലോചിച്ചിട്ടുണ്ടാകാമെന്ന് ചിന്തിക്കുന്നതില്‍ യുക്തിയില്ല എന്ന് പറയാന്‍ സാധിക്കില്ല.’ മന്ത്രി പറഞ്ഞു.
കേട്ട പാതി കേള്‍ക്കാത്ത പാതി വിഷയം വനംവകുപ്പിന്റെയും ഗവണ്‍മെന്റിന്റെയും വീഴ്ചയായി പ്രയോജനപ്പെടുത്താനും സമരങ്ങള്‍ നടത്താനുമാണ് ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത്. വനംവകുപ്പ് വൈദ്യുതി ഉപയോഗിച്ചുകൊണ്ടുള്ള ഫെന്‍സിങ് കെട്ടാറില്ല. കേരളത്തില്‍ ഒരിടത്തും കെട്ടിയിട്ടില്ല. വൈദ്യുതി ബോര്‍ഡും ഉദ്യോഗസ്ഥന്മാരും അറിഞ്ഞിട്ടില്ല. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് പേരെ കസ്റ്റഡിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന കേരളത്തിലെ പ്രതിപക്ഷത്തിന്റെയും ഏതാനും മാധ്യമങ്ങളുടെയും നിലപാട് പുനഃപരിശോധിക്കണം. എല്ലാ കുറ്റവും വനവകുപ്പിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ ഒരു സംഭവം ഒരു പാഠമായി തീരട്ടെയെന്നും മന്ത്രി പറഞ്ഞു.