അഹമ്മദാബാദ് വിമാനാപകടം: മരണ സംഖ്യ 133 ആയി ഉയര്‍ന്നു

അഹമ്മദാബാദ്: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ മരണ സംഖ്യ 133 ആയി ഉയര്‍ന്നു. അഹമ്മദാബാദില്‍നിന്നു ലണ്ടനിലേക്കു പോയ എയര്‍ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയില്‍ തകര്‍ന്നു വീണത്. വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരില്‍ മലയാളിയുമുണ്ടായിരുന്നുവെന്ന് സംശയിക്കുന്നുണ്ട്. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് അപകടത്തില്‍പെട്ടതായി സംശയിക്കുന്നത്. ഇന്നലെയാണ് ഇവര്‍ കോട്ടയത്ത് നിന്ന് പുറപ്പെട്ടതെന്ന് വീട്ടുകാര്‍ സ്ഥിരീകരിച്ചു.
Also Read; അഹമ്മദാബാദില്‍ എയര്‍ഇന്ത്യയുടെ യാത്രാ വിമാനം തകര്‍ന്നുവീണു
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരുടെ പട്ടികയില്‍ 169 ഇന്ത്യക്കാരുണ്ട്. 53 ബ്രിട്ടീഷുകാര്‍, 7 പോര്‍ച്ചുഗീസ് പൗരന്‍മാര്‍, കാനഡയില്‍ നിന്നുള്ള ഒരാള്‍ എന്നിങ്ങനെയാണ് യാത്രക്കാരെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍. അതേസമയം അഹമ്മദാബാദ് വിമാനത്താവളം ഒരറിയിപ്പുണ്ടാകുന്നത് വരെ അടച്ചു, യാത്രക്കാര്‍ എയര്‍ലൈനുമായി ബന്ധപ്പെട്ട ശേഷം എയര്‍പോര്‍ട്ടിലേക്ക് വരാവൂ എന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…