കുട്ടികളെ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം; ടീപ്പോയിലെ ഗ്ലാസ് പൊട്ടി ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു
കൊല്ലം: ടീപ്പോയിലെ ഗ്ലാസ് പൊട്ടി ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരന്‍ മരിച്ചു. കൊല്ലം കുണ്ടറയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സുനീഷ്-റൂബി ദമ്പതികളുടെ ഇളയമകനായ എയ്ഡനാണ് മരിച്ചത്. ഇന്നലെ നടന്ന അപകടത്തില്‍ പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
ഇന്നലെ വൈകുന്നേരം എയ്ഡനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛന്‍ മൂത്തകുട്ടിയെ ട്യൂഷന് കൊണ്ടുപോയിരുന്നു. എയ്ഡനെ വീട്ടിലെ ഹാളിലാക്കിയശേഷം അമ്മ റൂബി കുളിക്കാനായി പോയി. കുളികഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് ടീപ്പോയിലെ ഗ്‌ളാസ് പൊട്ടി ഗുരുതരമായി പരിക്കേറ്റ നിലയില്‍ എയ്ഡനെ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് രക്തം വാര്‍ന്ന് അവശനിലയിലായിരുന്നു. കാലിലും തുടയിലും ഗ്ലാസ് തുളഞ്ഞുകയറിയിട്ടുമുണ്ടായിരുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അതേസമയം അപകടത്തിന് ഇടയാക്കിയ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുളികഴിഞ്ഞ് റൂബി എത്തിയപ്പോള്‍ വാതിലിനോട് ചേര്‍ന്ന് തകര്‍ന്ന ടീപ്പോയും തൊട്ടടുത്ത് രക്തം വാര്‍ന്ന് അവശനിലയില്‍ കുട്ടിയെയുമാണ് കണ്ടത്. കുട്ടി ടീപ്പോ വാതിലിനടുത്തേക്ക് നീക്കിയിടുകയും അതിന് മുകളില്‍ കയറിനിന്ന് വാതിലിന്റെ കുറ്റി എടുക്കാന്‍ നോക്കിയപ്പോള്‍ ഗ്ലാസ് തകര്‍ന്ന് അപകടം ഉണ്ടായി എന്നാണ് പ്രാഥമിക നിഗമനം.





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































