പൊതുജനത്തിന്റെ നികുതിപ്പണം എന്തിന് ചെലവഴിക്കണം? എല്ലാം കപ്പല്‍ കമ്പനിയില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കപ്പലപകടവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ചെലവാകുന്ന മുഴുവന്‍ തുകയും കപ്പല്‍ കമ്പനിയില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. കപ്പല്‍ അപകടത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്നും സര്‍ക്കാരിന് കേസ് എടുക്കാമെന്നും ഹൈക്കോടതി അറിയിച്ചു. ക്രിമിനല്‍, സിവില്‍ നടപടികള്‍ കപ്പല്‍ കമ്പനികള്‍ക്കെതിരെ സ്വീകരിക്കാം. നടപടികളില്‍ ഒരു പഴുതും ഉണ്ടാവരുത്. കപ്പലപകടവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേയാണ് ഹൈക്കോടതി നിര്‍ദ്ദേശം.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അപകടത്തില്‍പ്പെട്ട കപ്പലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇത് വരെ ചിലവാക്കിയ പണം എത്രയെന്ന് അറിയിക്കണം. പൊതുജനങ്ങളില്‍നിന്നും സ്വീകരിച്ച നികുതി പണമാണ് ഇതിനായി ചിലവാക്കുന്നത്. ഏതൊക്കെ തരത്തില്‍ നഷ്ടപരിഹാര തുക കമ്പനിയില്‍ നിന്നും ക്ലെയിം ചെയ്യാമെന്ന് അറിയിക്കണം. മത്സ്യ നഷ്ടം, സാമ്പത്തിക നഷ്ടം എന്നിവയെല്ലാം കമ്പനിയില്‍ നിന്ന് ഈടാക്കാം എന്നും കോടതി നിര്‍ദ്ദേശിച്ചു. അന്താരാഷ്ട്ര കരാറുകളും ചട്ടങ്ങളും പരിശോധിക്കണം. എന്തൊക്കെ നടപടികള്‍ സ്വീകരിക്കാമെന്ന് സര്‍ക്കാരും അറിയിക്കണം. നിര്‍ദ്ദേശങ്ങള്‍ അടുത്ത സിറ്റിങില്‍ നല്‍കാമെന്നും കോടതി വ്യക്തമാക്കി.
കൊച്ചിയിലെ അപകടത്തില്‍ എണ്ണച്ചോര്‍ച്ചയാണ് പ്രശ്‌നമെന്നും കണ്ണൂര്‍ അഴീക്കല്‍ കപ്പല്‍ അപകടത്തില്‍ അപകടകരമായ കെമിക്കല്‍ മെറ്റീയലുകളുണ്ടായിരുന്നുവെന്നും എജി ഹൈകോടതിയെ അറിയിച്ചു. പരാതി കിട്ടിയാല്‍ മാത്രമേ സര്‍ക്കാരിന് കേസെടുക്കാന്‍ ആകൂവെന്നും എജി അറിയിച്ചു. ഇതോടെ അമിക്കസ് ക്യൂരിയെ നിയമിക്കാമെന്നും നടപടിക്രമങ്ങളില്‍ കാലതാമസം ഉണ്ടാകരുതെന്നും ഹൈക്കോടതി മറുപടി നല്‍കി.