#news #Top Four

അഹമ്മദാബാദ് വിമാനാപകടം: ദുരന്ത ഭൂമിയും ആശുപത്രിയും സന്ദര്‍ശിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം നടന്ന സ്ഥലവും അപകടത്തില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുമായും ബന്ധുക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

എയര്‍ ഇന്ത്യ സിഇഒ കാംപ്ബെല്‍ വില്‍സണും നേരത്തെ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലത്തെത്തിയിരുന്നു. അപകട വിവരം അറിഞ്ഞ സമയം തന്നെ മുഖ്യമന്ത്രിയുമായും വ്യോമയാന മന്ത്രിയുമായും താന്‍ സംസാരിച്ചുവെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഒന്നും രക്ഷിക്കാന്‍ ഒരു അവസരവും അവിടെ ഇല്ലായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനം നിമിഷങ്ങള്‍ക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാര്‍ അടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനായ രമേശ് വിസ്വാഷ് കുമാര്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ള 241 പേരും അപകടത്തില്‍ മരിച്ചിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *