അഖില്‍ പി ധര്‍മജന് പിന്തുണയുമായി എ എ റഹീം എംപി

തിരുവനന്തപുരം: അഖില്‍ പി ധര്‍മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പിന്തുണയുമായി എ എ റഹീം എം പി. വിവാദങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നും ‘റാം കെയര്‍ ഓഫ് ആനന്ദി’ മനസിനെ തൊടുന്ന എഴുത്താണെന്നും റഹീം പറഞ്ഞു. മനോഹരമായ കഥാവഴി തീര്‍ക്കാന്‍ അഖിലിന് കഴിഞ്ഞിട്ടുണ്ടെന്നും വായന കഴിഞ്ഞിട്ടും മനസിനെ പിന്തുടരുന്ന മുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളും നോവലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു എംപിയുടെ പ്രതികരണം.
Also Read; ശശി തരൂരിന്റെ വിദേശയാത്ര ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ച്ച
‘ചെന്നൈയുടെ തിരക്കുപിടിച്ചു പായുന്ന ഇടുങ്ങിയ വഴികളിലൂടെ, തിങ്ങി ഞെരുങ്ങിയ സബര്‍ബന്‍ ട്രെയിനിലെ കമ്പാര്‍ട്‌മെന്റുകളിലൂടെ നമ്മളെയും അയാള്‍ നടത്തും. അനുജന് ബുള്ളറ്റും വാങ്ങി സര്‍പ്രൈസ് നല്‍കാന്‍ മല്ലി പോകുന്ന ഒരു രംഗമുണ്ട്. ഹൃദയം കൊണ്ടല്ലാതെ ആ നിമിഷങ്ങള്‍ കടന്നുപോകാന്‍ വായനക്കാര്‍ക്ക് കഴിയില്ല. സാധാരണക്കാരുടെ ജീവിതം പറയുന്ന ഒരു യുവതിയുടെ അതിജീവനത്തിനായുള്ള ഒറ്റയാള്‍ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന ഇന്ത്യന്‍ തെരുവുകളിലെ പുറമ്പോക്കുകളില്‍ നരകജീവിതം ജീവിച്ചു തീര്‍ക്കുന്ന ട്രാന്‍സ് ജീവിതങ്ങളെ മനുഷ്യരായി ചേര്‍ത്തു നിര്‍ത്തിയ റാം. മനോഹരമായ കഥാവഴി തീര്‍ക്കാന്‍ അഖിലിന് കഴിഞ്ഞിട്ടുണ്ട്’- എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു. അഖിലിനെ ഫോണില്‍ വിളിച്ചു അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നെന്നും ഇനിയും മനുഷ്യ പക്ഷത്തുനിന്നുള്ള നല്ല എഴുത്തുകള്‍ അഖില്‍ പി ധര്‍മജനില്‍ നിന്നും ഉണ്ടാകട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഖില്‍ പി ധര്‍മജന് ‘റാം കെയര്‍ ഓഫ് ആനന്ദി’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്. സോഷ്യല്‍ മീഡിയയിലും കൗമാരക്കാര്‍ക്കിടയിലും തരംഗമായ പുസ്തകമാണ് ‘റാം കെയര്‍ ഓഫ് ആനന്ദി’. റാമിന്റെയും ആനന്ദിയുടെയും പ്രണയം ഇരുകയ്യും നീട്ടിയാണ് പുതുതലമുറ സ്വീകരിച്ചത്. അവരുടെ തമാശകളും പ്രണയനിമിഷങ്ങളും വിരഹവും എല്ലാമാണ് നോവലിന്റെ ഇതിവൃത്തം.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അഖിലിന് പുരസ്‌കാരം ലഭിച്ചതിനു പിന്നാലെ വിമര്‍ശനവുമായി കവി കല്‍പ്പറ്റ നാരായണനുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. വിപണിയില്‍ വിജയിച്ചു എന്നല്ലാതെ യാതൊരു മേന്മയും കൃതിക്ക് ഇല്ലെന്നും ഇത്തരം പുസ്തകങ്ങളെ ആദരിക്കുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. മുത്തുച്ചിപ്പിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാര്‍ഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കാം എന്നായിരുന്നു അവാര്‍ഡ് നേട്ടത്തെ കുറിച്ച് എഴുത്തുകാരി ഇന്ദു മേനോന്‍ പറഞ്ഞത്.