#news #Top Four

കൈയില്‍ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം പങ്കുവെച്ച് ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

കൊച്ചി: ആര്‍എസ്എസ് കൊടിയേന്തിയ ഭാരതാംബയെ ‘ഉപേക്ഷിച്ച്’ ബിജെപി. പകരം കൈയില്‍ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു. ‘ഭാരതമാതാവിന് പുഷ്പാര്‍ച്ചന’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ പോസ്റ്ററാണിത്. പോസ്റ്ററില്‍ നിന്നും ആര്‍എസ്എസ് ഉപയോഗിക്കുന്ന ‘അഖണ്ഡഭാരത ഭൂപട’വും അപ്രത്യക്ഷമായിട്ടുണ്ട്. ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള പിണറായി സര്‍ക്കാരിന്റെ അവഹേളനത്തില്‍ പ്രതിഷേധിച്ചാണ് പരിപാടിയെന്നാണ് ബിജെപി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ഇന്ന് രാവിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടകന്‍ മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റേയും ചിത്രവും പോസ്റ്ററിലുണ്ട്. പോസ്റ്റര്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന് താഴെ നിരവധി പേര്‍ ഭാരതാംബയുടെ കൈയ്യിലെ കൊടിയുടെ മാറ്റം ചൂണ്ടികാണിച്ചു. ഭാരതാംബയുടെ കൊടിയുടെ നിറം ഇടക്കിടയ്ക്ക് മാറുന്നുണ്ടോയെന്നും ചിലര്‍ പരിഹസിച്ചു. ഈ ചിത്രമല്ലല്ലോ രാജ്ഭവനില്‍ സ്ഥാപിച്ചിരിക്കുന്നതെന്നും ബിജെപി നന്നാവാന്‍ തീരുമാനിച്ചോയെന്നും ചിലര്‍ ട്രോളി.

രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതുമായി ബന്ധപ്പെട്ട തുടര്‍ച്ചയായി വിവാദങ്ങള്‍ ഉടലെടുക്കുകയാണ്. ഒടുവില്‍ രാജ്ഭവനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് രാജ്യപുരസ്‌കാര വിതരണ പരിപാടിയില്‍ കാവിക്കൊടി പിടിച്ചുനില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പവൃഷ്ടി നടത്തുകയും മന്ത്രി വി ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ച് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോരുകയും ചെയ്തതാണ് ഒടുവില്‍ വിവാദമായത്. പരിസ്ഥിതി ദിനാചരണത്തില്‍ ഇതേചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് കൃഷിമന്ത്രി പി പ്രസാദ് രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചിരുന്നു. ഇതിനിടെ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയെന്നത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

Leave a comment

Your email address will not be published. Required fields are marked *