#International #Top Four

ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്കയ്ക്ക് പ്രത്യാക്രമണ മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്റാന്‍: ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്കയ്ക്ക് പ്രത്യാക്രമണ മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. അന്യായമായ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള സമയമാണ് ഇനിയെന്നാണ് അമേരിക്കയ്ക്ക് ഖമനേയിയുടെ മുന്നറിയിപ്പ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാല് മണിയോടെയാണ് അമേരിക്ക ബോംബ് ആക്രമണം നടത്തിയത്. ഫോര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്സിലൂടെ അറിയിക്കുകയായിരുന്നു.

Also Read; അഹമ്മദാബാദ് വിമാനാപകടം; 8 പേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎന്‍എ സാമ്പിള്‍ ആവശ്യപ്പെട്ടു

ഇതിന് തിരിച്ചടിയായി അമേരിക്ക ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ നാശം വിതയ്ക്കുമെന്ന് ഖമനേയിയുടെ പ്രതിനിധി ഹുസൈന്‍ ഷര്യത്മദരി വ്യക്തമാക്കി. കാലതാമസമില്ലാതെ അമേരിക്കയ്ക്ക് മറുപടി നല്‍കാനുള്ള സമയമാണിത്. ആദ്യഘട്ടമെന്ന നിലയില്‍ ബഹ്റൈനിലെ യുഎസ് നാവികസേനയ്ക്കുനേരെ മിസൈല്‍ ആക്രമണം നടത്തും. അമേരിക്ക, ബ്രിട്ടീഷ്, ജര്‍മന്‍, ഫ്രഞ്ച് കപ്പലുകള്‍ ഹോര്‍മൂസിലൂടെ കടത്തിവിടില്ലെന്നും ഷര്യത്മദരി പ്രഖ്യാപിച്ചു. അമേരിക്കയുടെ ആക്രമണത്തില്‍ ഇറാനിലെ ജനങ്ങള്‍ക്ക് ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നും ഫോര്‍ദോ ഉള്‍പ്പെടെ സുരക്ഷിതമാണെന്നും ആക്രമണത്തിന് പിന്നാലെ ഇറാന്‍ പ്രതികരിച്ചിരുന്നു.

അമേരിക്കയുടെ ആക്രമണത്തെ വകവയ്ക്കുന്നില്ലെന്നും ആണവ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും ഇറാന്റെ ആണവോര്‍ജ ഏജന്‍സിയും പ്രഖ്യാപിച്ചു. ശത്രുക്കളുടെ ആക്രമണത്തിന് മുന്നില്‍ പതറി, വികസന പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഇറാന്റെ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഉദ്ദേശിക്കുന്നില്ല. ധീര രക്തസാക്ഷികളുടെ ചോരയില്‍ പടുത്തുയര്‍ത്തിയതാണ് ആണവ പദ്ധതി. അത് പാലിക്കുമെന്നും സംഘടന വ്യക്തമാക്കി.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *