മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീകാന്തിനെ ജൂലൈ 7 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ചെന്നൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീകാന്തിനെ ജൂലൈ 7 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൊക്കെയ്ന്‍ ഉപയോഗിച്ചതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ചെന്നൈ പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും ശ്രീകാന്ത് അറസ്റ്റിലായത്.
മയക്കുമരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിക്കുന്ന ഡിജിറ്റല്‍ പണമിടപാടുകളുടെ വിവരങ്ങളും കണ്ടെത്തിയതായും, മയക്കുമരുന്ന് വിതരണക്കാരുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചാറ്റ് രേഖകള്‍, സാമ്പത്തിക കൈമാറ്റങ്ങള്‍, ഫോണ്‍ ഡാറ്റ എന്നിവ തെളിവുകളില്‍ ഉള്‍പ്പെടുന്നുവെന്നും പോലീസ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. പരിശോധനയ്ക്കയച്ച രക്തസാമ്പിളുകളില്‍ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
തമിഴ്‌നാടിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ഒരു മയക്കുമരുന്ന് കാര്‍ട്ടലിലെ അറിയപ്പെടുന്ന അംഗങ്ങളുമായി ശ്രീകാന്തിനുള്ള ബന്ധങ്ങളെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്. നുങ്കമ്പാക്കം പൊലീസ് സ്റ്റേഷനില്‍ നടനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമായിരുന്നു ശ്രീകാന്തിന്റെ അറസ്റ്റ്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
കൊക്കെയ്ന്‍ കൈവശം വെച്ചതിന് അറസ്റ്റിലായ പ്രദീപ്, ഘാന സ്വദേശിയായ ജോണ്‍ എന്നിവരില്‍ നിന്നായിരുന്നു കേസിന്റെ തുടക്കം. ഈ കേസുമായി ബന്ധപ്പെട്ട് നിരവധി പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ശ്രീകാന്തിന്റെ പേരും ഉയര്‍ന്നുവന്നത്. 2002-ല്‍ ‘റോജ കൂട്ടം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശ്രീകാന്ത്, ശങ്കര്‍ സംവിധാനം ചെയ്ത ‘നന്‍പന്‍ ഉള്‍പ്പെടെ ഏകദേശം 70 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.