ഭക്ഷണം കാത്തുനില്‍ക്കുന്ന പലസ്തീനികള്‍ക്കുനേരെ വീണ്ടും ഇസ്രയേലിന്റെ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു

ഗാസ: ഗാസയില്‍ ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 21 പലസ്തീനികള്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തിയിരുന്ന ഭക്ഷണവിതരണത്തിനിടെയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. മരിച്ചവരില്‍ എട്ട് പേര്‍ കുട്ടികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ഏകദേശം 150 പേര്‍ക്ക് പരിക്കുകളുണ്ട് എന്നാണ് വിവരം. മധ്യ ഗാസ ഇടനാഴിയിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം ആരംഭിച്ച് 20 മാസം പിന്നിടുമ്പോള്‍ ഗാസയില്‍ ഭക്ഷണവും മരുന്നും അടക്കമുള്ള ആവശ്യവസ്തുക്കള്‍ ലഭിക്കാത്ത അവസ്ഥയുണ്ട്. ഇസ്രയേല്‍ സേന തന്നെ ഗാസയിലേക്കുളള അവശ്യവസ്തുക്കള്‍ തടഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ഭക്ഷണം കാത്തുനിക്കുന്നവര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. മെയ് മാസം മുതല്‍ക്ക് മാത്രം ഇസ്രയേല്‍ ഇത്തരത്തില്‍ നടത്തിയ ആക്രമണത്തില്‍ 450 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 3500 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ജൂണ്‍ 20ന് ഇത്തരത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു ദിവസം മാത്രം 34 പേര്‍ കൊല്ലപ്പെട്ടിരുന്നു.