#kerala #Top Four

ശക്തമായ മഴ തുടരുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള, കര്‍ണാടക. ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മഴമുന്നറിയിപ്പുകളെ തുടര്‍ന്ന് ഇടുക്കി, തൃശ്ശൂര്‍, വയനാട് ജില്ലകളിലും കോതമംഗലം, എറണാകുളം താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടില്‍ മൂന്ന് ദിവസമായി മഴ തുടരുകയാണ്. വയനാട് കല്ലൂര്‍ പുഴയിലും നൂല്‍പ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. കല്ലൂര്‍ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. മുന്‍ കരുതലെന്ന നിലയിലാണ് കുട്ടികളടക്കം എട്ട് പേരെ തിരുവണ്ണൂര്‍ അങ്കണ്‍വാടിയിലേയ്ക്ക് മാറ്റിയത്. അവശേഷിക്കുന്ന കുടുംബങ്ങളും ക്യാമ്പിലേക്ക് മാറും. രാത്രി പതിനൊന്നരയോടെ നൂല്‍പ്പുഴ പഞ്ചായത്തധികൃതരും പോലീസുമെത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത് കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. ഇരിട്ടി പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലും മഴ തുടരുകയാണ്. മലയോര മേഖലകളായ നിലമ്പൂര്‍, വഴിക്കടവ്, എടക്കര, പോത്തുകല്ല് ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ചാലിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. എറണാകുളം ജില്ലയിലും മലയോര മേഖലയില്‍ ശക്തമായ ഇടവിട്ട മഴ പെയ്യുന്നുണ്ട്. തൃശ്ശൂര്‍ ജില്ലയിലും മഴ ശക്തമാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ട്.

വെള്ളിയാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലാകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *