രാമജന്മ ക്ഷേത്ര മാതൃകയില്‍ സീതാദേവിക്കും അമ്പലം, ബിഹാര്‍ സര്‍ക്കാറിന്റേത് 882 കോടിയുടെ പദ്ധതി

പാറ്റ്‌ന: സീതാദേവിയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന സീതാമഢി ജില്ലയിലെ തീര്‍ഥാടന കേന്ദ്രമായ പുനൗര ധാം ജാനകി മന്ദിറിന്റെ വികസനത്തിനായി 882 കോടിയിലധികം രൂപ ചെലവിടാന്‍ ബിഹാര്‍ സര്‍ക്കാര്‍. ഈ വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന ടൂറിസം വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് നവീകരണത്തിനായി 137 കോടി രൂപയും വിനോദ സഞ്ചാര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 728 കോടി രൂപയും ചെലവഴിക്കും.
പദ്ധതിയുടെ തറക്കല്ലിടല്‍ ഓഗസ്റ്റില്‍ നടക്കും. ക്ഷേത്രത്തിന്റെ വികസനത്തിനായി നോയിഡ ആസ്ഥാനമായ ഡിസൈന്‍ അസോസിയേറ്റ്‌സിനെ ഡിസൈന്‍ കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനം എടുത്തിരുന്നു. സീതാമഢി ജില്ലയുടെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പുനൗര ധാം രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളം തീര്‍ഥാടകര്‍ സന്ദര്‍ശിക്കുന്നുണ്ട്.