കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണ സംഭവം; ഒരു സ്ത്രീക്ക് ദാരുണാന്ത്യം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ചു. തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്ത്രീയെ കണ്ടെത്തിയത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. അപകടമുണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്.
മകള്‍ക്ക് കൂട്ടിരിക്കാനാണ് ബിന്ദു മെഡിക്കല്‍ കോളജിലെത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത ശേഷം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉള്‍പ്പെടെ ആരോപിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്നോ അവിടേക്ക് പോകരുതെന്നോ അധികൃതര്‍ നിര്‍ദേശം തന്നിരുന്നില്ലെന്ന് മെഡിക്കല്‍ കോളജിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരുംഅറിയിച്ചു.
പതിനാലാം വാര്‍ഡിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. മൂന്നുനില കെട്ടിടത്തിലെ ഓര്‍ത്തോപീഡിക് വാര്‍ഡിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീഴുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വാര്‍ഡിലുണ്ടായിരുന്ന രോഗികളെ മറ്റ് ഭാഗത്തേക്ക് മാറ്റുകയാണ്. രണ്ടുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































