October 16, 2025
#Crime #Top Four

കുറ്റബോധം: 14ാം വയസില്‍ നടത്തിയ കൊലപാതകം 39 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പറഞ്ഞ് മധ്യവയസ്‌കന്‍

മലപ്പുറം: 14ാം വയസില്‍ നടത്തിയൊരു കൊലപാതകം 39 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് സ്റ്റേഷനിലെത്തി തുറന്ന് പറഞ്ഞ് മധ്യവയസ്‌കന്‍. മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനില്‍ എത്തി മുഹമ്മദലി (54) എന്നയാളാണ് കുറ്റം ഏറ്റുപറഞ്ഞത്. എന്നാല്‍, കൊല്ലപ്പെട്ടത് ആരാണെന്ന് പിടികിട്ടാത്തത് കൊണ്ട് അതാരാണെന്ന് കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് പോലീസ്

കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. 1986ല്‍, നവംബറിലാണ് സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്നയാളുടെ പറമ്പില്‍ കൂലിപ്പണി ചെയ്തുകൊണ്ടിരിക്കെ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്ക് ചവിട്ടി വീഴ്ത്തി. അവിടെ നിന്ന് ഓടിപോയി രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടില്‍ മുങ്ങി അയാള്‍ മരിച്ചുവെന്ന് അറിയുന്നതെന്നും മുഹമ്മദലി മൊഴി നല്‍കി.

Also Read; വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പോലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാന്‍ ബന്ധുക്കളാരും എത്തിയുമില്ല. തുടര്‍ന്ന് അജ്ഞാത മൃതദേഹമായി സംസ്‌കരിച്ച് കേസിലെ നടപടികള്‍ അവസാനിപ്പിച്ചു. മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പോലീസ് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തു.

മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്നും 14ാം വയസ്സില്‍ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞാണ് മുഹമ്മദലി പോലീസ് സ്റ്റേഷനില്‍ എത്തിയത്. മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയില്‍ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു. അക്കാലത്ത് ഇറങ്ങിയ പത്രവാര്‍ത്തകളുടെ ചുവട് പിടിച്ച് ആര്‍.ഡി.ഒ ഓഫീസിലെ പഴയ ഫയലുകള്‍ പരിശോധിച്ച് ആളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് തിരുവമ്പാടി സി.ഐ കെ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം. 1986 ഡിസംബര്‍ അഞ്ചിന് വന്ന ഒരു പത്രവാര്‍ത്ത മാത്രമാണ് ഇപ്പോള്‍ തുമ്പായുള്ളത്.

‘കൂടരഞ്ഞി: മിഷന്‍ ആശുപത്രിക്കു പിന്നിലെ വയലിലെ ചെറുതോട്ടില്‍ യുവാവിന്റെ ജഡം കണ്ടെത്തി. 20 വയസ്സ് തോന്നിക്കും.’ എന്നായിരുന്നു ആ വാര്‍ത്ത.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *