ജനസംഖ്യ കുറഞ്ഞു; സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഗര്‍ഭം ധരിക്കാന്‍ പ്രേരിപ്പിച്ച് റഷ്യ, ഒരു ലക്ഷം രൂപ പാരിതോഷികം

മോസ്‌കോ: ജനസംഖ്യാ നിരക്കിലുണ്ടായ കാര്യമായ ഇടിവ് റഷ്യന്‍ ഭരണകൂടത്തിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. പുതിയ തലമുറ ഗര്‍ഭം ധരിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനും താത്പര്യം കാണിക്കാതെ വന്നതോടെ സെക്‌സ് മന്ത്രാലയം ആരംഭിച്ച് ആനൂകുല്യം പ്രഖ്യാപിച്ചിരുന്നു സര്‍ക്കാര്‍. ഇപ്പോഴിതാ, ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലമെന്ന വിചിത്ര പ്രഖ്യാപനവുമായി റഷ്യ രംഗത്ത് വന്നിരിക്കുന്നു. റഷ്യയിലെ പത്ത് പ്രവിശ്യകളില്‍ നയം നടപ്പില്‍ വന്നു.
ജനസംഖ്യാ വര്‍ധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുക്കമാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിഡന്റ് പുട്ടിന്‍ വ്യക്തമാക്കിയിരുന്നു. 2023 ലെ കണക്കനുസരിച്ച് റഷ്യയിലെ സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.41 ആണ്. നിലവിലെ ജനസംഖ്യ പിടിച്ചുനിര്‍ത്തണമെങ്കില്‍ അത് 2.05 എങ്കിലും ഉയരണം. കൊവിഡ് കാലത്ത് ആളുകള്‍ കൂട്ടത്തോടെ മരണമടഞ്ഞതും, യുക്രെയിന്‍ യുദ്ധത്തില്‍ രണ്ടര ലക്ഷത്തിലധികം പട്ടാളക്കാര്‍ മരിച്ചതും യുദ്ധക്കെടുതിയില്‍ പതിനായിരങ്ങള്‍ നാടുവിട്ടുപോയതും റഷ്യന്‍ ജനസംഖ്യയെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ കാരണങ്ങളാല്‍ ഗര്‍ഭഛിദ്രത്തിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് ഭരണകൂടം. സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഗര്‍ഭം ധരിക്കാന്‍ പ്രേരിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.