സ്‌കൂളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന സിസിടിവി വേണം; പുതിയ നിര്‍ദേശവുമായി സിബിഎസ്ഇ

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി സ്‌കൂള്‍ പരിസരത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ശബ്ദമുള്‍പ്പെടെ റെക്കോര്‍ഡ് ചെയ്യുന്ന സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) നിര്‍ദേശം നല്‍കി.
Also Read; മഴ തുടരും; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
പുതിയ നിര്‍ദേശപ്രകാരം ക്ലാസ് മുറികള്‍, ഇടനാഴികള്‍, ലൈബ്രറികള്‍, പടിക്കെട്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കണം. ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും സൂക്ഷിക്കണം. തിങ്കളാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ക്ഷേമവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ ബോര്‍ഡിന്റെ അറിയിപ്പില്‍ പറയുന്നു. 2021 സെപ്റ്റംബറില്‍ പുറത്തിറക്കിയ നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിന്റെ സ്‌കൂളുകളിലെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച മാനുവല്‍ അനുസരിച്ചാണ് ഈ നീക്കം. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോ സ്‌കൂളിന്റെയും പ്രാഥമിക ഉത്തരവാദിത്തമാണെന്ന് സിബിഎസ്ഇ ആവര്‍ത്തിക്കുന്നു. സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്‌കൂളുകളുടെയും മേധാവികള്‍ക്കും മാനേജര്‍മാര്‍ക്കും പുതിയ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.