പള്ളിപ്പുറം തിരോധാനക്കേസ്; സെബാസ്റ്റിയന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ആലപ്പുഴ: ഏറ്റുമാനൂര്‍ ജയ്‌നമ്മ തിരോധാന കേസില്‍ പ്രതി സിഎം സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒരാഴ്ച നീണ്ട കസ്റ്റഡി കാലാവധിയില്‍ പല തവണ ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യന്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടില്ല. ആദ്യം ഡിഎന്‍എ പരിശോധനയ്ക്ക് അയച്ച ശരീര അവശിഷ്ടങ്ങളുടെ ഫലം കിട്ടുന്ന മുറയ്ക്ക് ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കൂടാതെ ആലപ്പുഴയിലെ കേസുകളന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘവും ഇയാളെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കിയേക്കും.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
സെബാസ്റ്റ്യനുമായി അടുപ്പമുള്ളവരുടെ വിശദമായ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇന്നലെ സെബാസ്റ്റ്യന്റെ ഭാര്യയുടെ മൊഴി കോട്ടയം ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. വേണ്ടി വന്നാല്‍ ഇവരെ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കും. സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടിലും കോഴി ഫാമിലും അന്വേഷണ സംഘം ഇന്നലെ തെരച്ചില്‍ നടത്തിയിരുന്നു. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് റോസമ്മയുടെ വീട്ടിലും പരിശോധന നടത്തുന്നത്. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ച് സെബാസ്റ്റ്യന്റെ വീട്ടില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. റോസമ്മയുടെ വീടിന്റെ ഭാഗത്തും സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് റോസമ്മയുടെ വീടിന്റെ പരിസരവും കുഴിച്ച് പരിശോധിക്കാനാണ് തീരുമാനം.
സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തും കസ്റ്റഡിയില്‍ വാങ്ങിയും തെളിവെടുപ്പ് നടത്തിയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരോധാന കേസുകളില്‍ കൃത്യമായ നിഗമനത്തിലെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. തുടക്കം മുതല്‍ അന്വേഷണത്തോടുള്ള നിസ്സഹകരണം സെബാസ്റ്റ്യന്‍ ഇപ്പോഴും തുടരുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം അടിമുടി ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യന് ഒരു കുലുക്കവുമില്ല.