കള്ളവോട്ട്; ജനാധിപത്യ വിശ്വാസികളെ സുരേഷ്ഗോപിയും ബിജെപിയും വിഡ്ഢികളാക്കി – നാഷണല്‍ ലീഗ്

തൃശ്ശൂര്‍ : തൃശ്ശൂര്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കണമെന്നും നാഷണല്‍ ലീഗ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നാഷണല്‍ ലീഗ് തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ടും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സയ്യിദ് ഷബീല്‍ ഐദ്‌റൂസി തങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
Also Read: നിവിന്‍ പോളിക്കെതിരായ വഞ്ചന കേസിന് സ്‌റ്റേ
കള്ളവോട്ടുകള്‍ക്കും, വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കും, ഇരട്ട വോട്ടുകള്‍ക്കും തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്, മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്ത ആയിരക്കണക്കിന് പേരെയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. ബിജെപിയുടെ ഈ നീക്കം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതും, ജനാധിപത്യ വിശ്വാസികളെ വിഡ്ഢികളാക്കുന്നതുമാണ് എന്ന് പരാതിയില്‍ പറയുന്നു.
തൃശ്ശൂര്‍ ലോകസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ വിജയത്തില്‍ ആരോപണങ്ങളും സംശയങ്ങളും പരാതികളും നേരത്തെ ഉയര്‍ന്നിരുന്നു. ജനാധിപത്യ പ്രക്രിയയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വിശ്വാസം ചോദ്യം ചെയ്യപ്പെടുന്ന അതിഗുരുതരമായ സാഹചര്യമാണിത്, എന്നാല്‍ വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവുന്നില്ല. വിഷയത്തില്‍ നിയമസാധുത പരിശോധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും, അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.