October 16, 2025
#kerala #Top Four

മലമ്പുഴ യക്ഷിയെ സാരി ധരിപ്പിച്ചു; പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതിന് പിന്നാലെ ട്രോളുകളും സൈബര്‍ ആക്രമണവും

പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങളെത്തുടര്‍ന്ന് ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പാലക്കാട് മണ്ഡലത്തില്‍ തിരിച്ചെത്തിയതോടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പ്രതിഷേധവും ട്രോളും കടുപ്പിച്ച് സി പി ഐ എം. ബിനീഷ് കോടിയേരി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സാരി ധരിപ്പിച്ച മലമ്പുഴ യക്ഷിയുടെ ഫോട്ടോ വലിയ ചര്‍ച്ചക്ക് നിദാനമായി. ഒരു മണിക്കൂറിനുള്ളില്‍ 240 ഷെയറുകളാണ് നടന്നത്. മൂവായിരത്തിലേറെ പേര്‍ ലൈക്ക് ചെയ്ത ഫോട്ടോയ്ക്ക് താഴെ നാനൂറിലേറെ പേര്‍ കമെന്റുകള്‍ ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്നില്‍ യക്ഷിക്ക് പോലും രക്ഷയില്ല എന്നാണ് ചില കമെന്റുകള്‍. എന്താ യക്ഷി മോളൂസേ ജാഡയാണോ എന്നൊക്കെ കമെന്റുകള്‍ നിറയുന്നു. അതേസമയം, രാഹുലിന് അനുകൂലമായി പ്രതികരിക്കുന്നവരും ഏറെയാണ്. മുകേഷിന്റെ പുതിയ പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട് പാര്‍ക്കില്‍…അതിനാലാണ് മുന്‍കരുതല്‍ എന്ന് പാലക്കാട് ജില്ലാ കളക്ടര്‍. ഗണേഷ്‌കുമാറും കടകംപള്ളിയും ശശീന്ദ്രനും ശശിയും പാലക്കാട്ട് കറങ്ങുന്നുണ്ടാകണം,അതാകണം യക്ഷിയെ സാരിയുടുപ്പിച്ചതെന്നും കമെന്റുകള്‍ ഉണ്ട്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

38 ദിവസത്തിന് ശേഷം ഏറെ അടുപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രം അറിയിച്ച് അതീവരഹസ്യമായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ പാലക്കാട് എത്തിയത്. സ്വകാര്യ കാറില്‍ എം എല്‍ എ ബോര്‍ഡ് വെച്ചെത്തിയ രാഹുല്‍ രാവിലെ അന്തരിച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. തുടര്‍ന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ജെ പൗലോസിന്റെ മണ്ണാര്‍ക്കാട്ടെ വീട്ടിലേക്ക് പോയി.

രാഹുല്‍ എം എല്‍ എ ഓഫീസിലോ പൊതുപരിപാടികള്‍ക്കോ എത്തിയാല്‍ തടയുമെന്ന നിലപാടാണ് ബി ജെ പിക്കുള്ളത്. എന്നാല്‍, കോണ്‍ഗ്രസിന്റെ മൗനാനുവാദത്തോടെ എത്തിയ എം എല്‍ എയെ തടയുന്നതിന്റെ പേരില്‍ കിട്ടാനിടയുള്ള സഹതാപ സാധ്യത ഉണ്ടാക്കി കൊടുക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ഡി വൈ എഫ് ഐ. പ്രതിഷേധസാധ്യത പരിഗണിച്ച് പാലക്കാട് എം എല്‍ എയുടെ ഓഫീസിന് മുന്നില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *