അജിതയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഹൃദയപൂര്‍വം…

കോഴിക്കോട്: അജിതയെന്ന വീട്ടമ്മയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഹൃദയപൂര്‍വം നന്ദി പറയുകയാണ് ആറു കുടുംബങ്ങള്‍. ആകസ്മിക മരണത്തിന് കീഴടങ്ങിയ ചാലപ്പുറം സ്വദേശിനിയായ അജിതയുടെ അവയവങ്ങള്‍ വിവിധ ആശുപത്രികളില്‍ കഴിയുന്ന ആറു പേര്‍ക്ക് പുതുജീവന്‍ നല്‍കി. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് നാല്‍പ്പത്താറുകാരിയായ അജിത ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. മസ്തിഷ്‌ക്ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് പള്ളിയത്ത് രവീന്ദ്രന്റെയും മറ്റു കുടുംബാംഗങ്ങളുടെയും സമ്മതപ്രകാരം അവയവദാനത്തിന് തയാറാകുകയായിരുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
തുടര്‍ന്ന് സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുമായി ബന്ധപ്പെട്ടു ക്രമീകരണങ്ങള്‍ ദ്രുതമാക്കി. ബേബിമെമ്മോറിയലില്‍ ചികിത്സയില്‍ കഴിയുന്ന 57കാരനും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 19 കാരനുമായി ഇരു വൃക്കകള്‍ നല്‍കി. ഹൃദയം മെട്രോമെഡ് ഹോസ്പിറ്റലിലെ രോഗിക്കു മാറ്റി വച്ചു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കഴിയുന്ന 59 കാരനു ലിവര്‍ മാറ്റിവച്ചു. കണ്ണുകള്‍ മെഡിക്കല്‍ കോളജ് ഐ ബാങ്കിന് ദാനം നല്‍കി. ലിവര്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഡോ. ബിജു ഐ.കെ, ഡോ ഷൈലേഷ് ഐക്കോട്ട്, ഡോ. രാജേഷ് എം സി, മൊഹമ്മദ് ഫവാസ് എന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൃക്ക മാറ്റിവയ്ക്കലിന് ഡോ. സുനില്‍ ജോര്‍ജ്, ഡോ. പൗലോസ് ചാലി, ഡോ. അഞ്ജന എന്നിവരും. ട്രാന്‍സ്പ്ലാന്റ് കോ ര്‍ഡിനേറ്റര്‍ നിതിന്‍ രാജ് വിവിധ ക്രമീകരണങ്ങള്‍ഏകോപിപ്പിച്ചു.